തെളിയട്ടെ വെട്ടം

തൃശൂര്‍: നഗരത്തിലെവിടെയെങ്കിലും പകല്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നത് കണ്ടാല്‍ മറ്റൊന്നും ആലോചിക്കേണ്ട. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ കോള്‍സെന്‍ററിലേക്ക് വിളിച്ചറിയിക്കാം. ഉപഭോക്താക്കള്‍ക്ക് പരാതി പറയാനും അഭിപ്രായം അറിയിക്കാനും 24 മണിക്കൂര്‍ കോള്‍സെന്‍റര്‍ ഏര്‍പ്പെടുത്തുമെന്ന് കോര്‍പറേഷന്‍ വൈദ്യുതി ബജറ്റില്‍ പ്രഖ്യാപനം. വീട്ടിലിരുന്നും പണമടക്കാനും കഴിയുമെന്ന് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു. വൈദ്യുതി വിഭാഗം ഓഫിസ് കടലാസ് രഹിതമാക്കും. ഇ-ഗവേണന്‍സ് പദ്ധതിക്ക് രണ്ടുകോടി വകയിരുത്തി. ഉപഭോക്താക്കള്‍ക്ക് ഇനി അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം. നിശ്ചിത സമയത്തിനകം നടപടിയെടുത്തോ എന്നതടക്കം ഓണ്‍ലൈന്‍ വഴി അറിയാനാവും. ബില്ലുകളും രസീതുകളും ഡൗണ്‍ലോഡ് ചെയ്യാം. വൈദ്യുതി ഇടതടവില്ലാതെ കുറഞ്ഞ നിരക്കില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. പാരമ്പര്യ ഊര്‍ജ ഉല്‍പാദന രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ഇതിന് ഒമ്പത് ജലവൈദ്യുതി പദ്ധതികളുടെ കരട് തയാറാക്കി. രണ്ട് മെഗാവാട്ട് ശേഷിയുളള സൗരോര്‍ജ ഉല്‍പാദനം നാളുകള്‍ക്കകം തുടങ്ങും. 34 കെട്ടിടങ്ങളുടെ മുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാനുള്ള രൂപരേഖ തയാറായി. 200 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള സോളാര്‍ പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയായി. ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഒമ്പത് ഏക്കറില്‍ രണ്ടുമെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധ്യതാപഠനം തുടങ്ങി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരു മെഗാവാട്ട് സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കും രൂപംനല്‍കി. ലൈസന്‍സികള്‍ എന്ന നിലയില്‍ പാരമ്പര്യ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് നിശ്ചിത ശതമാനം വൈദ്യുതി ഉല്‍പാദിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ മൊത്തം 25 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് തീരുമാനം. സൗരോര്‍ജത്തിന് യൂനിറ്റ് ഒന്നിന് ഒരു രൂപ നിരക്കില്‍ സബ്സിഡി നല്‍കും. പ്രസാരണനഷ്ടം കുറക്കും. ബള്‍ബുകള്‍ എല്‍.ഇ.ഡി ആക്കി മാറ്റത്തിന് തുടക്കമിട്ടു. നഗരത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് സ്ഥാപിക്കുന്ന 110 കെ.വി സബ്സ്റ്റേഷന്‍ റെയില്‍ മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചാലുടന്‍ പ്രാവര്‍ത്തികമാക്കും. 249.13 കോടി രൂപ വരവും 244.91 കോടി രൂപ ചെലവും 4.21 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പൊതുബജറ്റിലും വൈദ്യുതിബജറ്റിലും ഇന്ന് ചര്‍ച്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.