‘തൃശൂര്‍ പൂരത്തിനായി പ്രത്യേക നിയമ നിര്‍മാണം വേണം’

തൃശൂര്‍: ലോകത്തിന്‍െറ പൈതൃക ഉത്സവമായ തൃശൂര്‍പൂരം സുഗമമായി നടത്തുന്നതിന് പ്രത്യേക നിയമനിര്‍മാണം ആവശ്യമാണെന്ന് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരത്തിനുണ്ടായ ആശങ്കകളും അനിശ്ചിതാവസ്ഥകളും ഒഴിവാക്കാന്‍ ശാശ്വത പരിഹാരമാണ് വേണ്ടത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പല വകുപ്പുകളുടേയും ഉത്തരവുകളില്‍ കുടുങ്ങിക്കിടക്കേണ്ടി വരുന്ന അവസ്ഥ തൃശൂര്‍ പൂരത്തിനുണ്ടാവരുത്. ദേവസ്വങ്ങള്‍ക്ക് അപ്പുറം കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണമായി പൂരത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്തണം. സുരക്ഷക്ക് സ്ഥിരമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. കുംഭമേളയും മറ്റും നടക്കുന്നതുപോലെ മിലിട്ടറി, പാരാമിലിട്ടറി, പൊലീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ പൂരം സുരക്ഷിതമായി നടത്താന്‍ സര്‍ക്കാറുകള്‍ ഇടപെടണം. ദേവസ്വങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല പൂരം നടത്തിപ്പ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ഏല്ലാ വര്‍ഷവും പൂരം അനിശ്ചിതാവസ്ഥയിലാവുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. വെടിക്കെട്ട് മാത്രമല്ല, പൂരം. പൂരത്തിന്‍െറ ഉള്ളടക്കവും ക്ളാസിക്കല്‍ കലകളുടെ സംഗമവുമെല്ലാമാണ് പൂരത്തെ ലോകപ്രസിദ്ധമാക്കിയത്. എന്നാല്‍, നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം കാര്യങ്ങളെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.