ഗായകര്‍ തുടങ്ങി; ശ്രോതാക്കള്‍ ഏറ്റെടുത്തു

തൃശൂര്‍: ഗായകര്‍ തുടങ്ങിവെച്ചത് കാണികള്‍ ഏറ്റെടുത്തപ്പോള്‍ പാശ്ചാത്യ സംഗീത വേദി ശരിക്കുമൊരു റോക്ബാന്‍ഡ് ഷോ ആയി. കൊച്ചു മിടുക്കന്മാരും മിടുക്കികളും ബോബ് മാര്‍ലിയും ജോര്‍ജ് ഹാരിസണും മഡോണയുമാകുന്നതിന് ദേവമാത സ്കൂള്‍ വേദിയായി. കാണികളുടെ പങ്കാളിത്തവും ടീമുകളുടെ നിലവാരവും മത്സരങ്ങളുടെ മാറ്റ് വര്‍ധിപ്പിച്ചു. ആളൊഴിഞ്ഞ മറ്റ് പല സദസ്സില്‍ നിന്ന് വ്യത്യസ്തമായിരുന്നു പശ്ചാത്യ സംഗീത വേദി. പാട്ടുകാരോടൊപ്പം കാണികളും പാട്ട് ഏറ്റ് പാടി പ്രോത്സാഹിപ്പിച്ചതോടെ മത്സരങ്ങള്‍ ശരിക്കുമൊരു ആഘോഷമായി. ന്യൂജനറേഷന്‍െറ താല്‍പര്യം ഇതാണ് ഭായ് എന്ന് വിളിച്ചുപറയുന്നതായിരുന്നു ഈ വേദിയിലെ മത്സരങ്ങള്‍. 40ലധികം ടീമുകളാണ് ഈ ഇനത്തില്‍ മത്സരിച്ചത്. പതിഞ്ഞ സ്വരത്തില്‍ പാടുന്ന കാലം പഴയത്. ഡ്രംസിന്‍െറ അസുരശബ്ദത്തെയും കവച്ചുവെക്കുന്ന രീതിയിലാണ് ഗായകര്‍ വേദിയില്‍ നിറഞ്ഞ് ആടിയതും പാടിയതും. മൈക്കിന് മുന്നില്‍ അനങ്ങാതെ നിന്ന് പാടുന്നത് ആലോചിക്കാനേ കഴിയില്ല. സ്റ്റേജില്‍ നിറഞ്ഞാടി പാടിയപ്പോള്‍ കാണികള്‍ക്ക് ലഹിരിപിടിച്ചു. മത്സരത്തിന്‍െറ പിരിമുറുക്കം മുഖത്തുനിന്ന് മാഞ്ഞു. സംഗീതത്തിന്‍െറ ലഹരി നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് പങ്കെടുത്ത എല്ലാ ടീമംഗങ്ങളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഒരോ ടീമിനും 15 മിനിറ്റ് വീതമാണ് നല്‍കിയിരുന്നത്. അതില്‍ മൂന്ന് പാട്ട് വീതം അവതരിപ്പിക്കുകയെന്നതും, ഒരു ടീമില്‍ എട്ടുപേരെ പങ്കെടുക്കാന്‍ പാടുള്ളൂ എന്നതുമാണ് പ്രധാന നിബന്ധന. ഓരോ പാട്ട് കഴിയുമ്പോഴും ചടുലത കൂട്ടി അവസാനത്തെ പാട്ടില്‍ കൊട്ടിക്കലാശം നടത്തുന്ന രീതിയാണ് മിക്ക ടീമുകളും പിന്തുടര്‍ന്നത്. പ്രശസ്ത ഡ്രം വായനക്കാരന്‍ ശിവമണിയെ മനസ്സില്‍ ആരാധിക്കുന്ന നാലാം ക്ളാസുകാരന്‍ അമന്‍ ദേവ് സുധീറിന്‍െറ പ്രകടനം വേദിയില്‍ ശ്രദ്ധപിടിച്ചുപറ്റി. കൈവിരലുകള്‍ക്കിടയിലിട്ട് ഡ്രം സ്റ്റിക് ഓരോ തവണ കറക്കുമ്പോളും സദസ്സില്‍ നിന്ന് കൈയടികള്‍ ഉയര്‍ന്നു. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ സ്കൂളിലെ വിദ്യാര്‍ഥിയായ അമന്‍െറ സഹോദരിയായ ആരാധിത സുനിലും ഇവരുടെ ടീമംഗമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയികളായ കോഴിക്കോട് ചോവായൂര്‍ ഭവന്‍സ് സ്കൂള്‍ തങ്ങളുടെ അധിപത്യം ഇത്തവണയും നിലനിര്‍ത്താനായി കച്ചകെട്ടിയാണ് ഇറങ്ങിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.