നഗരസഭ മോടികൂട്ടാന്‍ ലക്ഷങ്ങള്‍; ഇരുട്ടില്‍തപ്പി നാട്ടുകാര്‍

ഇരിങ്ങാലക്കുട: 45 ലക്ഷം രൂപ ചെലവില്‍ ഇരിങ്ങാലക്കുട നഗരസഭ മന്ദിരം മോടിപിടിപ്പിക്കല്‍ നടക്കുമ്പോള്‍ വഴിവിളക്കുകള്‍ ഇല്ലാതെ നാട്ടുകാര്‍ ഇരുട്ടില്‍ തപ്പുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ പിന്നിട്ടതായി വ്യാപാരികള്‍ പറയുന്നു. ഇത് നന്നാക്കണമെന്ന മുറവിളി ഏറെ നടത്തിയിട്ടും ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കിയില്ല. ബസ് സ്റ്റാന്‍ഡ് പരിസരം ഇരുട്ടിലാണ്. ലക്ഷങ്ങളാണ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ചെലവിട്ടത്. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായതിനെക്കുറിച്ച് അന്വേഷിക്കാനോ കേടുപാടുകള്‍ തീര്‍ക്കുന്നതിനോ ആരും തിരിഞ്ഞുനോക്കുന്നില്ളെന്ന് വ്യാപാരികളും ബസ് ജീവനക്കാരും പറഞ്ഞു. ഇതിനിടെ ലക്ഷങ്ങള്‍ ചെലവിട്ട് നഗരസഭ മോടികൂട്ടുന്നതിനെതിരെ അമര്‍ഷമുണ്ടിവര്‍ക്ക്. അതേസമയം, കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് അവസാന ഘട്ടത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് മോടിപിടിപ്പിക്കലെന്നാണ് അധികൃതരുടെ വിശദീകരണം. ലോക ബാങ്കിന്‍െറ ഫേര്‍ഫോമന്‍സ് ഗ്രാന്‍റ് വകയില്‍ നിന്നും ലഭിച്ച തുകയില്‍ നിന്നാണ് മോടിപിടിപ്പിക്കല്‍ നടക്കുന്നത്. ഫര്‍ണിച്ചറുകള്‍, നഗരസഭ ഓഫിസില്‍ കാബിനുകള്‍ തിരിക്കുക, കൗണ്‍സില്‍ ഹാള്‍ മോടിപിടിപ്പിക്കുക തുടങ്ങിയ ഇനങ്ങളിലായിട്ടാണ് മോടിപിടിപ്പിക്കല്‍ നടക്കുന്നത്. കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് തീരുമാനിക്കുക മാത്രമല്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ആര്‍ട്ടിസാന്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനെ ഏല്‍പിക്കുകയും ചെയ്തിരുന്നു. ഒരുമാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.