‘സേഫ് കേരള’ പരിശോധന; അഞ്ച് ലാബുകള്‍ പൂട്ടി

തൃശൂര്‍: പകര്‍ച്ചവ്യാധി നിയന്ത്രണം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ നടത്തിയ ‘സേഫ് കേരള’ പരിശോധനയില്‍ അഞ്ച് ലബോറട്ടറികള്‍ പൂട്ടിച്ചു. ആളൂര്‍, എരുമപ്പെട്ടി, പെരിഞ്ഞനം, വെള്ളാനിക്കര, തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ലബോറട്ടറികളാണ് പൂട്ടിച്ചത്. സ്ഥാപന ഉടമകള്‍ക്ക് 2,000 രൂപ വീതം പിഴ ചുമത്തി. 48 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. 43 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. എട്ട് സ്ഥാപനങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. 233 കേന്ദ്രങ്ങളിലാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഹിതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. 210 ലബോറട്ടറികളിലും 14 എക്സ് റേ യൂനിറ്റുകളിലും ഒമ്പത് സ്കാനിങ് സെന്‍ററുകളിലുമായിരുന്നു പരിശോധന. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 37 ലബോറട്ടറികളും ഒരോ എക്സ് റേ യൂനിറ്റും സ്കാനിങ് സെന്‍ററും കണ്ടത്തെി. ആരോഗ്യ വകുപ്പിന്‍െറ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ലബോറട്ടറിയും പരിശോധനയില്‍ പിടിക്കപ്പെട്ടു. ജീവനക്കാരന് അംഗീകൃത യോഗ്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു എക്സ് റേ യൂനിറ്റും കണ്ടത്തെി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 26 സ്ഥാപനങ്ങളുണ്ട്. 25 ലബോറട്ടറികളും ഒരു എക്സ് റേ യൂനിറ്റുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത കൃത്യമല്ലാത്ത മൂന്ന് ലബോറട്ടറികള്‍ക്ക് നേരെയും നടപടിയുണ്ടായി. പരിശോധനക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം കുറഞ്ഞതായും കണ്ടത്തെിയിട്ടുണ്ട്. പരിശോധനക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഗുണനിലവാരം കുറഞ്ഞ 14 ലബോറട്ടറികള്‍ക്ക് മേല്‍നടപടി സ്വീകരിച്ചു. പരിശോധന കിറ്റിനും മറ്റുവസ്തുക്കള്‍ക്കും ഗുണനിലവാരമില്ലാത്ത ഓരോ സ്ഥാപനങ്ങളും കണ്ടത്തെി. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത 24 ലബോറട്ടറികള്‍ക്കും നോട്ടീസ് നല്‍കി. 43 സ്ഥാപനങ്ങളില്‍ കൃത്യമായി ഗുണനിലവാര പരിശോധന നടത്തുന്നതായും കണ്ടത്തെി. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ബേബി ലക്ഷ്മി, ഡോ. ബിന്ദു കെ. തോമസ്, ഡോ. മിനി, മാസ് മീഡിയ ഓഫിസര്‍ എസ്. പുഷ്പരാജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ പി.എ. സന്തോഷ്കുമാര്‍, ജില്ലാ മലേറിയ ഓഫിസര്‍ എം.എസ്. ശശി, മാതൃ-ശിശു ആരോഗ്യ സംരക്ഷണ ജില്ലാ ഓഫിസര്‍ സത്യഭാമ, ജില്ലാ ലബോറട്ടറി ടെക്നീഷ്യന്‍ സുലേഖ ബീവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 43 സംഘങ്ങളായാണ് പരിശോധന നടത്തിയത്. 20 മെഡിക്കല്‍ ഓഫിസര്‍മാരും 12 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും 40 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 90 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പരിശോധനയില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.