നിരോധാജ്ഞ ലംഘിച്ച് ഡി.വൈ.എഫ്.ഐ പൊതുയോഗം; പൊലീസ് നോക്കിനിന്നു

ചാവക്കാട്: മേഖലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിച്ച് ഡി.വൈ.എഫ്.ഐ പൊതുയോഗം. ഭാരവാഹികള്‍ ഉള്‍പ്പെടെ 150 പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട് നഗരസഭക്കു സമീപമാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചത്. തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫ കൊല്ലപ്പെട്ടതിന് ശേഷം മേഖലയില്‍ ജില്ലാ പൊലീസ് മേധാവി എന്‍. വിജയകുമാര്‍ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നു. കോണ്‍ഗ്രസ് ഗുണ്ട, ക്രിമിനല്‍, കൊലപാതക രാഷ്ട്രീയത്തിനെതിരെ അണിനിരക്കുക, ഹനീഫ വധത്തില്‍ ഗൂഢാലോചകര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പൊതുയോഗം. ഇതേവിഷയത്തില്‍ കാല്‍നടയായി ചാവക്കാട്ടുനിന്ന് തൃശൂര്‍ ഐ.ജി ഓഫിസിലേക്ക് തിങ്കളാഴ്ച നടത്തുന്ന യുവജനമാര്‍ച്ചിന് തുടക്കം കുറിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നിരോധാജ്ഞ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ചാല്‍ തടയാനായി രണ്ട് ബസുകളിലായി അമ്പതോളം കെ.എ.പിക്കാരെ ചാവക്കാട്ട് എത്തിച്ചിരുന്നു. എന്നിരുന്നാലും തടയാന്‍ പൊലീസ് തയാറായില്ല. പൊതുയോഗം തുടങ്ങി അല്‍പം കഴിഞ്ഞതോടെ പൊലീസുകാരെ സമീപത്ത് നിര്‍ത്തിയിട്ട ബസുകളിലേക്ക് കയറ്റി. പൊലീസ് നിലപാട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി. കുന്നംകുളം ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്‍, ചാവക്കാട് തഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീഖ്, സി.ഐ എ.ജെ. ജോണ്‍സണ്‍, എസ്.ഐമാരായ അനൂപ് മോന്‍, എം. ഗോവിന്ദന്‍, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. അതേസമയം, പൊതുയോഗം തടയാന്‍ ശ്രമിച്ച പൊലീസിന്‍െറ നിലപാടില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പൊലീസിന്‍െറ അനുവാദത്തോടെയാണ് പൊതുയോഗം സംഘടിപ്പിച്ചത്. യോഗം നടത്തരുതെന്ന് ശനിയാഴ്ച രാത്രിയാണ് ഡിവൈ.എസ്.പിയും സി.ഐയും അറിയിച്ചത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിലാണ് പൊലീസ് നിലപാട് മാറ്റിയതെന്നും നേതാക്കള്‍ ആരോപിച്ചു. തടയുമെങ്കില്‍ പൊലീസ് തടയട്ടെ എന്നുറപ്പിച്ചു തന്നെയാണ് പൊതുയോഗം സംഘടിപ്പിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.