തൃശൂര്‍: ഓണം ലക്ഷ്യമിട്ട് ജില്ലയില്‍ വന്‍തോതില്‍ ലഹരി ശേഖരം. സ്പിരിറ്റും കഞ്ചാവും മയക്കുമരുന്നും ജില്ലയിലേക്ക് ഒഴുകുന്നതായും ജില്ലയിലെ മലയോര മേഖലകളില്‍ വ്യാജമദ്യശേഖരം ഒളിപ്പിക്കുന്നതായും എക്സൈസ് ഇന്‍റലിജന്‍റ്സിന് വിവരം ലഭിച്ചു. ഞായറാഴ്ച താണിക്കുടത്ത് പീച്ചി കനാലില്‍ ഒളിപ്പിച്ച നിലയില്‍ 1,000 ലിറ്റര്‍ വാഷ് കോലഴി എക്സൈസ് സംഘം പിടികൂടി. ഓണക്കാലത്ത് വ്യാജമദ്യ ദുരന്തത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താണിക്കുടത്ത് മേപ്പാടം പീച്ചി കനാല്‍ ബണ്ടിനോട് ചേര്‍ന്ന് പ്ളാസ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച നിലയിലാണ് വാഷ് കണ്ടത്തെിയത്. മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എക്സൈസ് സംഘം വാഷ് പിടിച്ചെടുത്തത്. ബാര്‍ പൂട്ടിയ സാഹചര്യം മുതലെടുത്ത് ഒരു മാസത്തിനുള്ളില്‍ സ്പിരിറ്റ്, കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുല്‍പന്നങ്ങളുടെ കടത്ത് വ്യാപകമായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മാസത്തിനുള്ളില്‍ ഇരുപതോളം പേര്‍ കഞ്ചാവുമായി പിടിയിലായി. മേയ് മാസത്തില്‍ 665 ലിറ്റര്‍ സ്പിരിറ്റ് പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്ത് നിന്നും തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 350 ലിറ്റര്‍ കുതിരാനില്‍ നിന്നും പിടികൂടിയിരുന്നു. അന്നും മുന്നറിയിപ്പുകളുണ്ടായെങ്കിലും കാര്യമായ പരിശോധന നടന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍നിന്ന് 1000 ലിറ്റര്‍ സ്പിരിറ്റുമായത്തെിയ ലോറി മണ്ണുത്തിയില്‍ പിടിയിലായി. രണ്ടുമാസം മുമ്പ് വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പൊലീസും ഗ്രാമല പെട്രോള്‍ പമ്പിന് സമീപം എക്സൈസും വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയിരുന്നു. ടാങ്കര്‍ ലോറികളിലെ രഹസ്യ അറകളിലും ആഡംബര കാറുകളിലുമായാണ് ഇവ കടത്തിയത്. നര്‍ക്കോട്ടിക് സെല്‍ പ്രവര്‍ത്തനം നിര്‍ജീവമായ ജില്ലയില്‍ ഓരോ വര്‍ഷവും കഞ്ചാവ് വില്‍പന വര്‍ധിക്കുന്നതായാണ് കണക്ക്. 2011ല്‍ നഗരത്തില്‍ 30 പ്രതികളില്‍നിന്ന് 5.297 കിലോ കഞ്ചാവ് പിടികൂടി. 2014 പകുതിയായപ്പോള്‍ 23 പ്രതികളും 14.777 കിലോ കഞ്ചാവും നഗരത്തില്‍ മാത്രമായി പിടിയിലായി. 2013ല്‍ ജില്ലയില്‍ നിന്ന് രണ്ടുകോടി വിലമതിക്കുന്ന 186 കിലോ കഞ്ചാവ് പിടിച്ചു. സംസ്ഥാനത്ത് 2008ല്‍ 508ഉം 2014ല്‍ 1481ഉം മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈവര്‍ഷം ഇതുവരെ കേസുകള്‍ ആയിരത്തോളമായി. കഴിഞ്ഞ വര്‍ഷം 10,176 അബ്കാരി കേസുകളായിരുന്നത് ഈവര്‍ഷം ഇരുപതിനായിരമായി വര്‍ധിച്ചു. കഞ്ചാവ് കേസുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണെന്ന് എക്സൈസ് രേഖകള്‍ വ്യക്തമാക്കുന്നു. ഒരുകിലോയില്‍ താഴെ മയക്കുമരുന്നുമായി പിടിയിലാകുന്നവര്‍ക്ക് ജാമ്യം ലഭിക്കുമെന്നതിനാല്‍ അറസ്റ്റിലായവര്‍ വീണ്ടും കച്ചവടത്തിനിറങ്ങുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.