തിരുവല്ല: ചാത്തങ്കരിയിൽ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവല്ല കുറ്റപുഴ പന്തിരുകാലായിൽ സജിത് (21), കുന്നന്താനം അമ്പലപ്പറമ്പിൽ അജിത് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1200 ഗ്രാം കഞ്ചാവും ആറു വടിവാളും പിടിച്ചെടുത്തു. പെരിങ്ങര ചാത്തങ്കരിയിൽ വയലിനു നടുവിൽ സ്ഥിതിചെയ്യുന്ന വീട് വാടകക്കെടുത്ത് കാൾ ടാക്സി എന്ന വ്യാജേന കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു. നിരവധി വാഹനങ്ങൾ വാടകവീട്ടിൽ വന്നുപോയിരുന്നത് നാട്ടുകാരിൽ സംശയമുണ്ടാക്കി. തിരുവല്ലയിൽ കഞ്ചാവ് വൻതോതിൽ എത്തിച്ചു കച്ചവടം നടത്തുന്ന കൊയിലാണ്ടി സ്വദേശി രാഹുൽ ഇവിടെ വന്നുപോയിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. രാമഞ്ചിറയിലെ ഉല്ലാസ് ഹോട്ടലിൽ കുരുമുളക് സ്പ്രേ അടിച്ചകേസിൽ സജിത്തും രാഹുലും പ്രതിയാണ്. കഴിഞ്ഞയാഴ്ച ചേർത്തലയിൽ പൊലീസുകാരനുനേരെ കുരുമുളക് സ്പ്രേ അടിച്ച കേസിലെ പ്രതികളും ഈ സംഘത്തിൽപെട്ടവരായിരുന്നു. ജയിലിൽ കഴിയുന്ന രാഹുലിനെ ജാമ്യത്തിൽ ഇറക്കാനായി തമിഴ്നാട്ടിൽപോയി കഞ്ചാവ് കൊണ്ടുവന്ന് പാക്കറ്റ് ആക്കുമ്പോഴാണ് ഇവർ പിടിയിലായത്. രാത്രി ആയിരുന്നു ഇവരുടെ ബിസിനസ്. കുറ്റപ്പുഴ സ്വദേശി ശിവകൃഷ്ണൻ, സുജുകുമാർ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സുജുകുമാർ എന്നയാളിൻെറ ബൈക്ക് പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. എക്‌സൈസ് ഇൻസ്‌പെക്ടർ എ. സെബാസ്റ്റ്യൻ, പ്രിവൻറിവ് ഓഫിസർമാരായ സുശീൽ കുമാർ, എം.കെ. വേണുഗോപാൽ, സി.ഇ.ഒ എസ്. അനുപ്രസാദ്, ഡ്രൈവർ വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.