പത്തനംതിട്ട: സൂര്യാതപത്തിനെതിരെ അതിശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കല്‍ ഒാഫിസർ ഡോ. എ.എല്‍. ഷീജ അറിയിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടും. ശക്തമായ വിയര്‍പ്പ്, പേശീവലിവ്, ക്ഷീണം, തലകറക്കം, തലവവേദന, ഓക്കാനവും ഛര്‍ദിയും, അബോധാവസ്ഥ എന്നിവ ഉണ്ടാകാം. സൂര്യാതപത്തിൻെറയും ശരീര താപശോഷണത്തിൻെറയും സംശയം തോന്നിയാല്‍ തണലുള്ള സ്ഥലത്തേക്ക് മാറണം, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം, ധാരാളം വെള്ളം കുടിക്കണം, കട്ടികൂടിയ വസ്ത്രങ്ങള്‍ ധരിക്കരുത്. സൂര്യാതപം വരാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂറിലും രണ്ട് മുതല്‍ നാല് ഗ്ലാസ് വരെ വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങവെള്ളം എന്നിവ കുടിക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ വെയിലെത്ത ജോലി ഒഴിവാക്കുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വന്നാല്‍ ഇടക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. വെയിലത്ത് നടക്കുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും ചൂട് പുറത്തുപോകുന്ന രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക. നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ വേദനയും പൊള്ളലും ഉണ്ടാകാറുണ്ട്. ഇങ്ങനെ വന്നാല്‍ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക. കൈകാലുകളും മുഖവും കഴുകുക. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. വൈദ്യസഹായം തേടുക. ചൂടുകൊണ്ട് ശരീരം തിണര്‍ക്കാന്‍ സാധ്യതയുണ്ട്. കഴുത്തിലും നെഞ്ചിൻെറ മുകള്‍ഭാഗത്തുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.