പത്തനംതിട്ട: പ്രളയത്തിൽപെട്ട ആറന്മുളക്കാര്‍ക്ക് സഹായവുമായി നിരവധി പേരാണ് എത്തിയത്. അവരെയെല്ലാം മനസ്സിൽ ചേർത്തുനിർത്തുന്ന ആറന്മുളക്കാര്‍ക്ക് ഇൗ അച്ഛനെയും മകനെയും മറക്കാൻ പറ്റില്ല. വെള്ളം കയറി നശിച്ച ഇലക്ട്രിക് ഉപകരണങ്ങളെ കുറിച്ച് ആറന്മുള നിവാസികൾ ആശങ്കപ്പെട്ട അവസരത്തിലാണ് കോയമ്പത്തൂരില്‍നിന്ന് 52കാരനായ രംഗനാഥനും 24കാരനായ മകന്‍ മണികണ്ഠനും എത്തിയത്. വെള്ളപ്പൊക്കത്തില്‍ നശിച്ച വീടുകളിലെ വയറിങ്, ഗൃഹോപകരണങ്ങള്‍ ഉൾപ്പെടെയുള്ളവ ഇരുവരും ചേർന്ന് നന്നാക്കി. പ്രളയത്തില്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍നിന്നാണ് ഇവർ അറിഞ്ഞത്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ആഗസ്റ്റ് 23ന് ബൈക്കുമെടുത്ത് കോയമ്പത്തൂരില്‍നിന്ന് തിരുവനന്തപുരത്തെത്തി. ഉദ്യോഗസ്ഥരില്‍നിന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കി ഇരുവരും പത്തനംതിട്ട കലക്ടറേറ്റിലെത്തി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ ആറന്മുളയിലേക്ക് കലക്ടര്‍ പി.ബി. നൂഹാണ് ഇരുവരെയും അയച്ചത്. ആറന്മുള പഞ്ചായത്ത് പ്രസിഡൻറ് ഐഷ പുരുഷോത്തമന്‍, വൈസ് പ്രസിഡൻറ് പ്രസാദ് വേരിങ്കല്‍ എന്നിവരുടെ സഹായത്തോടെ വെള്ളപ്പൊക്കത്തില്‍ നശിച്ച 47 വീടുകളിലെ വയറിങ്, ഫാന്‍, മിക്‌സി, വാഷിങ് മെഷീന്‍ തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളും നന്നാക്കി. പ്ലംബിങ്ങും ചെയ്തു. പ്രതിഫലം വാങ്ങാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളോടൊപ്പം ഭക്ഷണം കഴിച്ചും ഉറങ്ങിയുമാണ് അച്ഛനും മകനും കഴിഞ്ഞത്. 10 ദിവസം ആറന്മുളയിലുണ്ടായിരുന്നു. പ്രളയത്തിൽപെട്ടവരെ സഹായിക്കാനാണ് തങ്ങള്‍ എത്തിയതെന്നും പ്രതിഫലം തന്ന് അതിെൻറ മാറ്റ് കുറക്കരുതെന്നും ഇവര്‍ പറഞ്ഞു. കോയമ്പത്തൂരിലേക്ക് മടങ്ങിയ രംഗനാഥനും മണികണ്ഠനും ആറന്മുള വില്ലേജ് ഓഫിസില്‍ യാത്രയയപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.