അടൂർ: മാരകരോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് പ്രാഥമികാരോഗ്യകേന്ദ്രം മുഖേന സൗജന്യമായി മരുന്ന് നൽകുന്നതിന് ഏഴംകുളം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘കാരുണ്യഗ്രാമം പദ്ധതി’ യുടെ പ്രഖ്യാപനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. കാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖം, കരൾ രോഗം, തൈറോയ്ഡ്, ന്യൂറോ സംബന്ധമായ അസുഖം എന്നിവ മൂലം ബുദ്ധിമുട്ടുന്ന ഏഴംകുളം ഗ്രാമപഞ്ചായത്ത് നിവാസികളാണ് പദ്ധതിയുടെ പരിധിയിൽ വരുക. സംസ്ഥാന സർക്കാറിെൻറ ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് കാരുണ്യഗ്രാമം നടപ്പാക്കുക. ജനകീയാസൂത്രണ പദ്ധതിയിൽ ഇതിന് 20 ലക്ഷം രൂപ പഞ്ചായത്ത് നീക്കിെവക്കുമെന്ന് പ്രസിഡൻറ് വിജു രാധാകൃഷ്ണൻ പറഞ്ഞു. ഏഴംകുളത്ത് നടന്ന കാരുണ്യഗ്രാമം പദ്ധതി പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് മാരക രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ പേരും വിവരങ്ങളും ശേഖരിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ പേര്, കഴിക്കുന്ന മരുന്ന്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ ഹെൽത്ത് കാർഡ് രോഗികൾക്ക് നൽകും. പദ്ധതിയുടെ ഭാഗമായി രോഗങ്ങളെ പ്രതിരോധിക്കാനും നല്ല ഭക്ഷണം ഉറപ്പാക്കാനും പഞ്ചായത്തിൽ ജൈവകൃഷി വ്യാപകമാക്കും. പഞ്ചായത്തിലെ എല്ലാ വീടുകളിലും കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈ വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.