കോന്നി: സർക്കാറിെൻറ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പും ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചെങ്ങറ സമരഭൂമിയിൽ നടന്നു. പത്തനംതിട്ട എ.ഡി.എം അനു എസ്. നായർ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ സോഫിയ ബാനു അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ്, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, സാമൂഹിക സുരക്ഷ മിഷൻ, കേരള മഹിള സംഖ്യ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെങ്ങറ സമരം ആരംഭിച്ച് 10 വർഷം പിന്നിടുമ്പോഴാണ് ഇത്തരമൊരു പരിപാടി. ഇതാദ്യമായാണ് സമരഭൂമിയിലെ ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. കേരള മഹിള സംഖ്യ പ്രവർത്തകർ സമരഭൂമിയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ഭിന്നശേഷിക്കാർക്ക് സാമൂഹിക നീതി വകുപ്പും ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റും മുൻകൈയെടുത്താണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. രണ്ടാഴ്ച നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം കുട്ടികളിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. പോഷകാഹാരക്കുറവും കൃത്യമായി ചികിത്സകൾ ലഭിക്കാത്തതുമൂലമാണ് കുട്ടികൾ രോഗത്തിെൻറ പിടിയിലായതെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം കുട്ടികൾ മെഡിക്കൽ ക്യാമ്പിൽ ചികിത്സ തേടിയെത്തി. പകർച്ചവ്യാധികൾക്ക് പുറമെ സമരഭൂമിയിൽ ആസ്ത്മ രോഗികളുടെ എണ്ണവും പെരുകി വരുകയാണ്. ഭൂരിപക്ഷം വീട്ടുകാരും ഡീസൽ ഉപയോഗിച്ചുള്ള വെളിച്ചമാണ് ഉപയോഗിക്കുന്നത്. ഇതിെൻറ പുകയാണ് ആസ്ത്മ പടരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇതിനു പരിഹാരം കണ്ടെത്താൻ സാമൂഹികനീതി വകുപ്പ് കർമ പദ്ധതി തുടങ്ങും. ശൗചാലയങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനൊപ്പം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിെൻറ ഭാഗമായി ഉടൻ അംഗൻവാടി തുടങ്ങുമെന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിപാടിക്ക് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എ.ഒ. അബീൻ, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ്. നന്ദിനി, കോന്നി സി.ഡി.പി.ഒ ഷീലാകുമാരി, കേരള മഹിള സംഖ്യ കോഓഡിനേറ്റർ ശാലിനി, അംബേദ്കർ സ്മാരക മാതൃകഗ്രാമ ചെങ്ങറ സമരഭൂമി ചെയർമാൻ ടി.ആർ. ശശി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ ഡോ. നിർമല ആൻറണി, ഡോ. അഭിലാഷ്, ഡോ. ഫിൻ സി, ഡോ. പ്യാരി, ഡോ. ജയശങ്കർ എന്നിവർ രോഗികളെ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.