പത്തനംതിട്ട: ഇതുവരെ കാണാത്ത പൂക്കള്‍, ഇതുവരെ അറിയാത്ത സുഗന്ധം. കുംഭച്ചൂടിലും പത്തനംതിട്ട നഗരത്തിന് ഇത് പൂക്കാലം. നഗരസഭ സ്റ്റേഡിയത്തില്‍ ആരംഭിച്ച പുഷ്പമേളക്ക് തിരക്കേറുന്നു. അപൂര്‍വ ഇനം പുഷ്പങ്ങളുടെയും ചെടികളുടെയും കലവറയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വിവിധ വര്‍ണത്തിലുള്ള അമ്പതിലധികം വ്യത്യസ്ത റോസകളാണ് പുഷ്പമേളയിലെ പ്രധാനതാരം. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പൂക്കളും വിദേശത്തുനിന്നുള്ള അപൂര്‍വയിനം പുഷ്പങ്ങളും പ്രദര്‍ശന നഗരിയിലുണ്ട്. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള പൂക്കള്‍ക്കു പുറമെ തായ്ലന്‍ഡ്, ആസ്ട്രേലിയ, ബ്രസീല്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ള പുഷ്പങ്ങളും മുഖ്യ ആകര്‍ഷണമാണ്. വൈവിധ്യങ്ങളായ ഓര്‍ക്കിഡുകളും മേളയിലുണ്ട്. സമാപനദിവസമായ മാര്‍ച്ച് അഞ്ചിന് ഈ പുഷ്പങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനുള്ള അവസരവുമുണ്ട്. ഫലവൃക്ഷത്തൈകളാണ് മറ്റൊരാകര്‍ഷണം. അല്‍ഫോന്‍സ്, പ്രിയൂര്‍, 365 ദിവസവും കായ്ക്കുന്ന മാവ് തുടങ്ങി ഇരുപതോളം മാവിനങ്ങള്‍ക്കൊപ്പം ജൈവപച്ചക്കറിത്തോട്ടവും വിത്തുകളും ഒരുക്കിയിട്ടുണ്ട്. അത്യുല്‍പാദനശേഷിയുള്ള വിവിധയിനം പ്ളാവിന്‍തൈകളുമായി ചക്ക കര്‍ഷകര്‍ മേളയില്‍ അണിനിരന്നു. മുട്ടന്‍ വരിക്ക, ചെമ്പരത്തിവരിക്ക, കുള്ളന്‍ പ്ളാവ്, മലേഷ്യന്‍ പ്ളാവ്, ചെമ്പടക്ക എന്നിവക്കു പുറമെ ഏതു സീസണിലും കായ്ക്കുന്ന ഓള്‍ സീസണ്‍ പ്ളാവിന്‍തൈകളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ട്. ഗംലെസ് (കറയില്ലാത്ത), സീഡ്ലെസ് (കുരുവില്ലാത്ത), ബോണ്‍സായ് ഇനത്തിലുള്ള പ്ളാവുകള്‍, തെങ്ങിന്‍ തൈകള്‍, കവുങ്ങിന്‍ തൈകള്‍ എന്നിവയും മേളയിലുണ്ട്. നൂറില്‍പരം രുചിയേറുന്ന വിഭവങ്ങളുമായി ഫുഡ്കോര്‍ട്ട് പുതുരുചി പകരുകയാണ്. കുലുക്കി സര്‍ബത്ത് മുതല്‍ നെയ്യ്പത്തിരിവരെയുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് കുടുംബശ്രീ അംഗങ്ങളാണ്. കോഴിക്കോടന്‍ രുചി നിറയുന്ന നൈസ് പത്തിരി, ബട്ടൂര, അപ്പം, ദം ബിരിയാണി, ബനാന ഫ്രൈ, ആട്ട പൊറോട്ടോ, വിവിധയിനം പുട്ടുകള്‍, ദോശകള്‍ എന്നിവക്ക് പുറമെ ചിക്കന്‍ മമ്മൂസിനും ആവശ്യക്കാരേറെയാണ്. കപ്പയുടെ വ്യത്യസ്ത രുചികളാണ് മറ്റൊരു ആകര്‍ഷണം. ആരോഗ്യദായകമായ നെല്ലിക്ക ജ്യൂസുകള്‍, ഫ്രഷ് ജ്യൂസുകള്‍, വിവിധതരം പായസങ്ങള്‍, കുട്ടനാടന്‍ ചിക്കന്‍-മീന്‍ വിഭവങ്ങളും മേളയിലുണ്ട്. 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ശീതീകരിച്ച സ്റ്റാളുകളില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍, സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ നിറയുന്ന സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടത്തോടു ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍ മേളയുടെ മറ്റൊരാകര്‍ഷണമാണ്. കുട്ടികള്‍ക്ക് ഉല്ലാസവും വിജ്ഞാനവും കരുന്ന കിഡ്സ് സോണും ഫണ്‍സിറ്റിയുമുണ്ട്. താല്‍ക്കാലിക തടാകത്തില്‍ കുട്ടികള്‍ക്ക് ബോട്ട് ഓടിക്കാം. എല്ലാ ദിവസവും വൈകുന്നേരം കലാമേള അരങ്ങേറും. നിര്‍ധനരോഗികളുടെ ചികിത്സ ചെലവിനായുള്ള ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടത്തെുന്നതിന്‍െറ ഭാഗമായി നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവ പുഷ്പമേളയില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രവേശന ഫീസ് പകല്‍ 40 രൂപയും വൈകീട്ട് 50 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.