തിരുവല്ല: 100 വര്‍ഷത്തിലധികം പഴക്കമുള്ള അഴിയിടത്തുചിറ സര്‍ക്കാര്‍ ഹൈസ്കൂള്‍ അടച്ചുപൂട്ടാന്‍ ആസൂത്രിതനീക്കം. ഭരണപക്ഷത്തെ മന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്ന നീക്കം ചില ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെയാണത്രേ. അഴിയിടത്തുചിറ സര്‍ക്കാര്‍ ഹൈസ്കൂളിനെ സമീപത്തുള്ള പെരിങ്ങര ഗോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളുമായി ലയിപ്പിക്കാനാണ് നീക്കം. ഇതിന്‍െറ ഭാഗമായി പെരിങ്ങര ജി.എച്ച്.എസ്.എസ് ഹൈസ്കൂള്‍ തലത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഒരുക്കും. ഇതുസംബന്ധിച്ച് ജില്ല വിദ്യാഭ്യാസവകുപ്പ് സ്കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സ്കൂള്‍ അധികൃതര്‍ക്ക് വകുപ്പുതല നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികള്‍ കുറഞ്ഞതിന്‍െറ കാരണത്താല്‍ വിദ്യാലയം അടച്ചുപൂട്ടില്ളെന്ന സര്‍ക്കാര്‍ നയത്തിന് എതിരായാണ് ചില കേന്ദ്രങ്ങളുടെ ആസൂത്രിതനീക്കം. തിരുവല്ല നഗരസഭയിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളാണിത്. പശ്ചാത്തലസൗകര്യം നിറഞ്ഞ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കണമെന്ന് ആവശ്യം പി.ടി.എയും നാട്ടുകാരും നിരവധി തവണ ഉന്നയിച്ചിരുന്നു. കാവുംഭാഗം ഇടിഞ്ഞില്ലം റോഡില്‍ അഴിയിടത്തുചിറ ജങ്ഷനില്‍ 1904ല്‍ സ്ഥാപിതമായ സ്കൂളിന് ഏകദേശം നാല് ഏക്കര്‍ സ്ഥലമുണ്ട്. മികച്ച പഠനസൗകര്യമൊരുക്കുന്നതിന്‍െറ ഭാഗമായി സ്കൂള്‍ കെട്ടിടങ്ങളും ലൈബ്രറിയും ശാസ്ത്ര ലാബും കമ്പ്യൂട്ടര്‍ ലാബും അടക്കം മുന്‍ വര്‍ഷങ്ങളില്‍ സജ്ജീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍െറ അംഗീകൃത പട്ടികയിലുള്ള പോളിങ് സ്റ്റേഷനാണിത്. വെള്ളപ്പൊക്ക കെടുതികള്‍ നേരിടുമ്പോള്‍ തിരുവല്ല നഗരസഭയിലെയും പെരിങ്ങര പഞ്ചായത്തിലെയും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പായും പ്രവര്‍ത്തിക്കാറുണ്ട്. ഇവിടെ പഠിക്കുന്ന 90 ശതമാനം കുട്ടികളും പിന്നാക്ക വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുംപെട്ടവരാണ്. തിരുവല്ല നഗരസഭയിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ക്കും മേപ്രാല്‍, ആലംതുരുത്തി, വേങ്ങല്‍ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഏക ആശ്രയമാണിത്. അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.