ദാഹജലം തേടി നെട്ടോട്ടം...

പത്തനംതിട്ട: നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം. ടാങ്കര്‍ ലോറിയില്‍ നഗരത്തില്‍ കുടിവെള്ളവിതരണം ആരംഭിച്ചെങ്കിലും നദിയില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് വിതരണം തടസ്സപ്പെടാന്‍ കാരണമാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കല്ലറക്കടവിലെ ടാങ്കില്‍നിന്നാണ് വിതരണത്തിന് വെള്ളം സംഭരിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വലഞ്ചുഴിയില്‍ അച്ചന്‍കോവിലാറ്റില്‍നിന്നാണ് വാട്ടര്‍ അതോറിറ്റി വെള്ളം പമ്പുചെയ്യുന്നത്. ജലനിരപ്പ് താഴ്ന്നതോടെ ജല അതോറിറ്റിയുടെ പമ്പിങ് ഇടക്കിടെ മുടങ്ങാറുണ്ട്. തടയണ നിര്‍മിച്ചിട്ടുണ്ടെങ്കിലും അതിന്‍െറ ഗുണം കിട്ടാത്ത സ്ഥിതിയാണുള്ളത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം മാലിന്യംനിറഞ്ഞ നിലയിലാണ്. ശരിയായ രീതിയില്‍ ശുദ്ധീകരിക്കാതെയുള്ള ജലവിതരണം ഗുരുതര ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. രണ്ടു വാഹനങ്ങളിലായി 5000,3000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകളാണ് പത്തനംതിട്ട, കുമ്പഴ മേഖലകളില്‍ വെള്ളം വിതരണം ചെയ്യുന്നത്. നഗരത്തിലെ 32 വാര്‍ഡുകളിലും വെള്ളം വിതരണം ചെയ്യണം. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ എല്ലാ ദിവസവും ജലവിതരണം നടത്താനാകുന്നില്ല. പലരും കുടിവെള്ളം വിലകൊടുത്ത് വാങ്ങുകയാണ്. നഗരത്തില്‍ ജലക്ഷാമം കൂടുതല്‍ ഒന്ന്, രണ്ട് വാര്‍ഡുകളിലാണ്. ഒന്നാം വാര്‍ഡിലെ വാളുവെട്ടുപാറ, തേങ്ങാപ്പാറ, പരുവപ്ളാക്കല്‍, നന്നുവക്കാട്, രണ്ടാം വാര്‍ഡിലെ അഞ്ചക്കാല, ഒറ്റുകല്‍ എന്നിവിടങ്ങളിലാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. അഞ്ചക്കാല, ഒറ്റുകല്‍ എന്നിവിടങ്ങളില്‍ പൈപ്പുലൈന്‍ ഉണ്ടെങ്കിലും വെള്ളം കിട്ടാറില്ല. പൂവന്‍പാറ, തൈക്കാവ്, മൈലാടുംപാറ, ചുട്ടിപാറ, കരിമ്പനാക്കുഴി, ചുരുളിക്കോട് വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ചുട്ടിപാറയില്‍ താമസിക്കുന്നവര്‍ക്ക് പൈപ്പുലൈന്‍ വഴി വെള്ളം കിട്ടുന്നത് ചുരുക്കം ദിവസങ്ങളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.