സബ്സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നു

പന്തളം: പന്തളത്തെ വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമായി പൂഴിക്കാട്ട് പണിയുന്ന 33 കെ.വി സബ്സ്റ്റേഷന്‍ പണി പുരോഗമിക്കുന്നു. യാര്‍ഡിന്‍െറയും ഓഫിസ് കെട്ടിടത്തിന്‍െറയും പണിക്കുള്ള പൈലിങ്ങാണ് നടക്കുന്നത്. പൂഴിക്കാട് ചിറമുടിയില്‍ വൈദ്യുതി ബോര്‍ഡ് വാങ്ങിയ 88 സെന്‍റ് സ്ഥലത്താണ് സബ്സ്റ്റേഷന്‍െറ പണി ആരംഭിച്ചത്. സ്ഥലം ചുറ്റുമതില്‍ കെട്ടി വെള്ളം ഒഴുകിപ്പോകാനുള്ള ഓടയുടെ പണിയും പൂര്‍ത്തീകരിച്ചു. മണ്ണിട്ടുനികത്തലും നടന്നു. കെട്ടിടം പണിക്കൊപ്പം ഇടപ്പോണില്‍നിന്ന് വൈദ്യുതി ലൈന്‍ വലിക്കുന്ന ജോലിയും നടക്കുന്നുണ്ട്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് പന്തളത്ത് 33 കെ.വി സബ്സ്റ്റേഷന്‍ പണിയാന്‍ തുടങ്ങിയത്. 1999ല്‍ ഭരണാനുമതി കിട്ടിയ സബ്സ്റ്റേഷനു സ്ഥലം ലഭിച്ചത് 2009ല്‍ മാത്രമാണ്. റവന്യൂ വകുപ്പില്‍നിന്ന് വൈദ്യുതി ബോര്‍ഡ് 7.38 ലക്ഷത്തിനു വാങ്ങിയ ചിറമുടിയിലെ വെള്ളക്കെട്ടുള്ള പ്രദേശത്താണ് സബ്സ്റ്റേഷന്‍ പണിയുന്നത്. ഇടപ്പോണ്‍ 220 കെ.വി സബ്സ്റ്റേഷനില്‍ 110 കെ.വി ശേഷിയുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് അവിടെ നിന്ന് ആറര കി.മീ. നീളത്തില്‍ 33 കെ.വി ലൈന്‍ വലിച്ചാണ് പന്തളം സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇവിടെ അഞ്ച് എം.വി.എ ശേഷിയുള്ള രണ്ട് 33 കെ.വി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് പുതിയതായി പണിയുന്ന നാല് 11കെ.വി ഫീഡറുകള്‍ വഴി വൈദ്യുതി വിതരണം ചെയ്യുകയാണ് ലക്ഷ്യം. ആറു കോടിയാണ് 2011ല്‍ ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയില്‍ വര്‍ധനയുണ്ടാകും. പന്തളം, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ പരിധിയില്‍ താമസിക്കുന്ന 25,000 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. 2012ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പ്രാരംഭ നടപടി ആരംഭിച്ചെങ്കിലും നീര്‍ത്തടം മണ്ണിട്ട് നികത്താനുള്ള അനുമതിക്കായി വളരെനാള്‍ കാത്തിരുന്നു. അനുമതി ലഭിച്ച് പണിയാരംഭിച്ചത് ആറുമാസം മുമ്പ് മാത്രമാണ്. വോള്‍ട്ടേജില്‍ 15 ശതമാനം വര്‍ധനയുണ്ടാകുമെന്നതിനു പുറമെ പ്രസരണ നഷ്ടം കുറയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.