പന്തളം: ജലസേചന കനാലുകൾ പുനരുദ്ധരിക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയ അനുമതി അട്ടിമറിക്കാൻ നീക്കം. നവംബർ 17ന് സർക്കാർ ഇറക്കിയ ഉത്തരവാണ് അട്ടിമറിക്കാൻ ഇറിഗേഷൻ വിഭാഗം (കനാൽസ്) കരാറുകാരുമായി ചേർന്ന് ഒത്തുകളി നടക്കുന്നത്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ കുറയുന്നതിനെത്തുടർന്ന് സർക്കാർതലത്തിൽ നടത്തിയ ഇടപെടീലിനെത്തുടർന്ന് കനാലുകളുടെ പുനരുദ്ധാരണത്തിന് തൊഴിലുറപ്പു തൊഴിലാളികളെ ചുമതലപ്പെടുത്തി 3125/2016ാം നമ്പറായി സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാൻ ഇറിഗേഷൻ വിഭാഗം തയാറാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ജനുവരി ആദ്യത്തോടെ കനാൽ തുറന്നുവിടേണ്ടതാണ്. എന്നാൽ, ഒരിടത്തും ഇതുമായി ബന്ധപ്പെട്ട നടപടി പൂർത്തീകരിച്ചിട്ടില്ല. ജലസേചന കനാലുകൾ പൂർണമായും പുനരുദ്ധീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ ഇറിഗേഷൻ വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നടത്തേണ്ട പ്രവൃത്തികളുടെ ഡ്രോയിങ്ങുകൾ ഉൾപ്പെട്ട എസ്റ്റിമേറ്റാണ് തയാറാക്കേണ്ടത്. ഇറിഗേഷൻ വിഭാഗത്തിെൻറ സാധാരണ അറ്റകുറ്റപ്പണി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. കനാൽ പുനരുദ്ധാരണം നടത്തുന്ന വകുപ്പിലെ സ്ഥിരം കരാറുകാരാണ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. സ്ത്രീ തൊഴിലാളികളെ കൊണ്ട് കനാൽ പണി പറ്റില്ലെന്ന വ്യാപക പ്രചാരണമാണ് ഇക്കൂട്ടർ നൽകുന്നത്. പഞ്ചായത്തുകളിൽ സ്വാധീനം ചെലുത്തി പ്രവൃത്തി ഏറ്റെടുക്കാൻ കഴിയില്ലെന്ന റിപ്പോർട്ട് നൽകാനുള്ള ശ്രമമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇതിനായി ചില ഉദ്യോഗസ്ഥരുടെ സഹായമുള്ളതായും പറയുന്നു. പഞ്ചായത്ത് കമ്മിറ്റികളിൽ സ്വാധീനം ചെലുത്തിയും തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് കനാൽ പുനരുദ്ധാരണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന റിപ്പോർട്ട് നൽകാൻ പ്രേരിപ്പിക്കുകായണ് ഒരുവിഭാഗം ചെയ്യുന്നത്. ബോധപൂർവമായ കാലതാമസം വരുത്താനുള്ള ശ്രമമാണ് രണ്ടാംഘട്ടം. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി നൽകേണ്ടത് ഇറിഗേഷൻ (കനാൽസ്) വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരാണ്. എസ്റ്റിമേറ്റ് തയാറാക്കാൻ വൈകിയാൽ എൻ.ആർ.ഇ.ജി.എസിലും പ്രവൃത്തി ഏറ്റെടുക്കാൻ നടപടി പൂർത്തീകരിക്കാൻ താമസമുണ്ടാകും. ഈ അവസരം മുതലാക്കി കനാൽ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സ്ഥിരം കരാറുകാരെക്കൊണ്ട് പദ്ധതി നടത്തിക്കാനാണ് നീക്കം. കനാൽ വൃത്തിയാക്കലിനായി വകുപ്പ്തലത്തിൽ സ്ഥിരം കരാറുകാരുണ്ടെന്നാണ് വിവരം. കനാൽ വൃത്തിയാക്കൽ, ചടങ്ങായി മാത്രമാണ് നടക്കാറെന്നും പറയുന്നു. കാട് വൃത്തിയാക്കൽ പോലും പേരിനുമാത്രമാണ്. കനാലുകൾ മാലിന്യവാഹക കേന്ദ്രങ്ങളായി മാറുകയാണ്. മാലിന്യം നിറഞ്ഞുകിടക്കുന്ന കനാലിലേക്ക് ജലം തുറന്നുവിടുന്ന പതിവാണ് കാലങ്ങളായി വകുപ്പ്തലത്തിൽ നടക്കുന്നത്. പേരിനുമാത്രം വൃത്തിയാക്കൽ നടത്തി വൻതുക ബില്ല് മാറിയെടുക്കുന്ന പതിവെന്നാണ് ആക്ഷേപം. ഇതാണ് തൊഴിലുറപ്പ് തൊഴിലാളികളെ പദ്ധതിയിൽനിന്ന് അകറ്റിനിർത്താൻ നടക്കുന്ന നീക്കത്തിനുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.