ദുരിതം ഇരട്ടിയാക്കി അരിവില കുതിക്കുന്നു

പത്തനംതിട്ട: നോട്ട് പിൻവലിക്കലിനുശേഷം പൊതുവിപണിയിൽ അരിവില കുതിക്കുന്നു. ഒരുകിലോ അരിക്ക് അഞ്ചുമുതൽ എട്ടുരൂപയുടെ വരെ വർധനയാണ് അനുഭവപ്പെടുന്നത്. വിപണിയിൽ 32 രൂപയുണ്ടായിരുന്ന ജയ അരിക്ക് 37 വരെയായി. സുരേഖ അരിക്ക് 37 മുതൽ 40 വരെയായി. മട്ട അരിക്ക് 40 രൂപയാണ്. കുറുവ അരിക്കും വില വർധിച്ചു. നോട്ട് നിരോധനത്തിന് പുറമെ ആന്ധ്രയിൽനിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർധനക്ക് കാരണമായി പറയുന്നത്. എന്നാൽ, റേഷൻ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസവും എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിലാളി സമരങ്ങളും കാരണം റേഷൻ കടകളിൽ അരി എത്തുന്നില്ല. ഇതും പൊതുവിപണിയിൽ അരി വില കൂടാൻ കാരണമായിട്ടുണ്ട്. ആന്ധ്രയിലെ മില്ലുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായും ഇവിടത്തെ കച്ചവടക്കാർ ആരോപിക്കുന്നു. റേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ വരുന്നതോടെ പൊതുവിപണിയിൽ അരി വില വീണ്ടും കൂടാനാണ് സാധ്യത. ഏപ്രിൽ ഒന്നുമുതലാണ് ഭക്ഷ്യസുരക്ഷ നിയമം സംസ്​ഥാനത്ത് നടപ്പാക്കുന്നത്. ജില്ലയിൽ അരി കൂടുതലും എത്തുന്നത് ആന്ധ്രയിൽനിന്നാണ്. വിവാഹം, മണ്ഡലകാല സീസണുകൾ ആയതിനാൽ അരിക്ക് ആവശ്യവും വർധിച്ചിട്ടുണ്ട്. നോട്ട് ക്ഷാമത്തെത്തുടർന്ന് ജില്ലയിലെ മൊത്തവ്യാപാരികളിൽ ചിലർ അരി വാങ്ങുന്നതും കുറച്ചു. അരിവില വർധിച്ചിട്ടും സർക്കാർ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഇല്ല. സപ്ലൈകോയിൽപോലും അരിക്ഷാമം അനുഭവപ്പെടുന്നു. വെള്ള അരി മാത്രം സബ്സിഡി നിരക്കായ 25 രൂപക്ക് അഞ്ചുകിലോ ലഭിക്കും. എന്നാൽ, ഇവിടെ കുത്തരി കിട്ടാനേ ഇല്ല. പൊതുവിപണിൽ അരിവില വർധിച്ചതോടെ സപ്ലൈകോയിലും കുത്തരി എടുക്കുന്നില്ല. സബ്സിഡി ഇല്ലാത്ത വെള്ള അരിക്ക്് 32 രൂപയാണ്. പച്ചരിക്കും വില വർധിച്ചിട്ടുണ്ട്. പൊതുവിപണിയിൽ പച്ചരിക്ക് 32 വരെയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.