മണ്ണിട്ടുയര്‍ത്തിയ സ്ഥലം ലോറികളുടെ അനധികൃത വിശ്രമകേന്ദ്രം

തിരുവല്ല: ടി.കെ റോഡ് വികസനത്തിന്‍െറ പേരില്‍ കോടികള്‍ മുടക്കി മണ്ണിട്ടുയര്‍ത്തിയ സ്ഥലം ലോറികളുടെ അനധികൃത വിശ്രമകേന്ദ്രമായി. കവിയൂര്‍ പഞ്ചായത്തിലെ കറ്റോട് മുതല്‍ തോട്ടഭാഗം വരെ റോഡിന്‍െറ തെക്കുഭാഗത്തെ ഏക്കര്‍ കണക്കിന് ഭൂമിയാണ് ഇങ്ങനെ അനധികൃതമായി ഉപയോഗിക്കുന്നത്. റോഡിന് സമാന്തരമായി ഉണ്ടായിരുന്ന കുഴികള്‍ അടുത്തകാലത്താണ് പഞ്ചായത്ത് നികത്തിയെടുത്തത്. 10 മീറ്ററിലധികം താഴ്ചയും 20 മീറ്ററോളം വീതിയിലും ഒരു കിലോമീറ്റോളം നീളത്തിലുമുള്ള കുഴികള്‍ നികത്തിയെടുക്കുകയായിരുന്നു. എന്നാല്‍, രണ്ടുവര്‍ഷം പിന്നിട്ടതോടെ വിവിധ ഗോഡൗണുകളിലേക്ക് ചരക്കുമായി എത്തുന്ന തമിഴ്നാട് ലോറികളുടെ വിശ്രമകേന്ദ്രമായി ഇവിടം മാറി. രാത്രി മദ്യപാനവും സാമൂഹികവിരുദ്ധ താവളവുമായി പ്രദേശം മാറിയതായി ആക്ഷേപമുണ്ട്. ചോദ്യംചെയ്യുന്നവരെ ഭീക്ഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും വരെ ശ്രമമുണ്ടായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് ലോഡ് മണ്ണിറക്കി നികത്തിയ ഭൂമി അന്യാധീനപ്പെടുന്ന സ്ഥിതിയാണ്. സമീപ വീടുകളിലേക്ക് പോകാന്‍ പോലും ഇതുമൂലം ബുദ്ധിമുട്ടായതായി താമസക്കാര്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ച് ബന്ധപ്പെട്ടവര്‍ തലയൂരുകയായിരുന്നു. ഇപ്പോള്‍ നോപാര്‍ക്കിങ് ബോര്‍ഡിനു തൊട്ടുതാഴെയാണ് ലോറികള്‍ കൊണ്ടിടുന്നത്. ആരും ചോദിക്കാനില്ലാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.