റോഡുകള്‍ തകര്‍ന്നു, അപകടം പതിവായി

പന്തളം: കുറുന്തോട്ടയം പാലം നിര്‍മാണത്തിന്‍െറ ഭാഗമായി ചെറിയ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ നിര്‍ദേശിച്ചിരിക്കുന്ന റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായി. ഇടവിട്ട് പെയ്യുന്ന മഴയില്‍ റോഡിന്‍െറ ഭൂരിഭാഗവും വെള്ളക്കെട്ടുകളായി മാറി. ദിനേന നിരവധി വാഹനങ്ങളാണ് വലിയകുഴികളില്‍ വീണ് അപകടത്തിലാകുന്നത്. ദീര്‍ഘദൂരയാത്രക്ക് എത്തുന്നവര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുഴികള്‍ അറിയാതെയാണ് ഇതില്‍ വീഴുന്നത്. താഴ്ന്ന പ്രദേശം കൂടിയായതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ താഴുന്നതും പതിവാകുന്നു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ എത്തുന്നവര്‍ പലപ്പോഴും റോഡില്‍ കുടുങ്ങി യാത്രമുടങ്ങുന്നതും പതിവാകുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ മങ്ങാരം-മണികണ്ഠന്‍ ആല്‍ത്തറ റോഡിലെ സ്വകാര്യ സ്കൂളിന് സമീപം വലിയ കുഴിയില്‍ താഴ്ന്ന കാര്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന്‍െറ ഫലമായാണ് കരയിലത്തെിച്ചത്. ചെറിയവാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ തിരിച്ചുവിടാന്‍ രണ്ട് റോഡുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണികണ്ഠന്‍ ആല്‍ത്തറ-മങ്ങാരം-മുട്ടാര്‍ വഴിയും കടക്കാട് ക്ഷേത്രം-പൊലീസ് സ്റ്റേഷന്‍ വഴി മണികണ്ഠന്‍ ആല്‍ത്തറയില്‍ എത്തുന്ന റോഡുകളിലാണ് വാഹനഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ഈ റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഗതാഗതം പുന$ക്രമീകരിക്കുന്നതിന് തെരഞ്ഞെടുത്ത ഗ്രാമീണറോഡുകള്‍ നേരത്തേ തകര്‍ന്ന നിലയിലായിരുന്നു. എം.സി റോഡിലൂടെ കടന്നുവരുന്ന മുഴുവന്‍വാഹനങ്ങളും തകര്‍ന്ന റോഡുകളിലൂടെ കടത്തിവിട്ടതോടെ പലപ്പോഴും ഗതാഗതസ്തംഭനത്തിന് കാരണമാകുന്നു. ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണം നടത്തേണ്ട നഗരസഭ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.