മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ മലയോര മേഖലകള്‍ വരള്‍ച്ചയുടെ പിടിയിലായി. കുടിവെള്ളം കിട്ടാക്കനിയായതോടെ ജനങ്ങള്‍ വെള്ളത്തിനായി പരക്കം പായുകയാണ്. പഞ്ചായത്തിലെ പാമ്പാടിമണ്‍, പുളിക്കാമല, പുന്നവേലി, കാവുംകഴമല തുടങ്ങിയ പ്രദേശങ്ങളിലാണ് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പാട്ടപുരയിടം, കാവുംകഴമല, പുളിക്കാമല എന്നിവിടങ്ങള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനി പ്രദേശമാണ്. സാധാരണക്കാരും കൂലിപ്പണിക്കാരുമടങ്ങുന്നവര്‍ അമിതവില നല്‍കി കുടിവെള്ളം വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. എന്നാല്‍, പണി ചെയ്ത് ലഭിക്കുന്ന മുഴുവന്‍ തുകയും വെള്ളത്തിനുവേണ്ടി ചെലവാക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രദേശത്ത് നിരവധി കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കിലും എല്ലാം ഉപയോഗശൂന്യമായിരിക്കുകയാണ്. പൈപ്പുലൈനുകളുണ്ടെങ്കിലും അതും കാഴ്ചവസ്തുവായി. 1000 ലിറ്റര്‍ വെള്ളത്തിന് 500 രൂപയാണ് വില. ദൂരം കൂടുന്നതിനനുസരിച്ച് തുകയും വര്‍ധിക്കും. പഞ്ചായത്ത് അധികൃതര്‍ക്കാകട്ടെ ഇതൊന്നും തങ്ങളുടെ വിഷയമേയല്ളെന്ന ചിന്താഗതിയാണ്. നിലവിലെ കുടിവെള്ള പദ്ധതിയുടെ കാലപ്പഴക്കമാണ് കുടിവെള്ളക്ഷാമം വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട് എന്നീ മൂന്ന് പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി നിര്‍മാണം ആരംഭിച്ച മേജര്‍ കുടിവെള്ള പദ്ധതി ഇപ്പോള്‍ മന്ദഗതിയിലായിരിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥിതിക്ക് പ്രശ്നത്തന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.