അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാന പാതയില്‍ പതിനാലാംമൈല്‍ അമ്പാടി ജങ്ഷന്‍ വാഹനയാത്രികരുടെ പേടിസ്വപ്നമാകുന്നു. വാഹനങ്ങളുടെ അമിതവേഗവും അശാസ്ത്രീയമായ പാത നിര്‍മാണവുമാണ് അപകടങ്ങള്‍ക്കുകാരണം. ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച രാവിലെ 11.30ന് നടന്ന രണ്ട് അപകടങ്ങളില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. ഭീതി പരത്തി അമിതവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാര്‍ യാത്രക്കാരായ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അടൂര്‍ അയാട്സിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഡിപ്ളോമ വിദ്യാര്‍ഥികളായ ഓച്ചിറ കൊന്നമത്ത് അന്‍വര്‍ഷാ (19), വള്ളികുന്നം പുത്തന്‍പറമ്പ് അന്‍സില്‍ മന്‍സിലില്‍ അന്‍സില്‍ (25), കായംകുളം സ്വദേശി റിഹാസ് (20), വള്ളികുന്നം പ്രകാശ് ഹൗസില്‍ പ്രതീഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് അന്‍വര്‍ഷായെയും അന്‍സിലിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കെ.എല്‍ 29-ജെ 6969 മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കായംകുളം ഭാഗത്തേക്കുപോകുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. അടൂര്‍ ഭാഗത്തുനിന്നേ ഇവരുടെ കാര്‍ വളഞ്ഞുപുളഞ്ഞ് മറ്റ് വാഹന യാത്രികരെ ഇടിക്കുന്നമട്ടിലും വളവില്‍ മറികടന്നും വരികയായിരുന്നു. അതുവഴി കടന്നുപോയ ബസ് ജീവനക്കാര്‍ വരെ ഇവരെ ശാസിച്ചിരുന്നു. 14ാം മൈല്‍ ജങ്ഷന്‍ കഴിഞ്ഞ് കൊടും വളവ് ഇറക്കത്തില്‍ നിരവധി വാഹനങ്ങളുടെയിടയില്‍ ‘കസര്‍ത്ത്’ കാട്ടി നിയന്ത്രണംവിട്ട കാര്‍ റോഡിന്‍െറ ഇടതുവശത്തെ ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയശേഷം എതിര്‍വശത്തെ വീടിന്‍െറ മുറ്റത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ കാറിന്‍െറ ചില്ല് പൊട്ടിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇതേസ്ഥലത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ കായംകുളം കരീലക്കുളങ്ങര നടയില്‍ കിഴക്കേതില്‍ ശ്രീജിത്തിന് (32) പരിക്കേറ്റിരുന്നു. ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. നേരത്തേയുണ്ടായ അപകടത്തില്‍പ്പെട്ട കാര്‍ ശ്രദ്ധിച്ചുപോകുമ്പോള്‍ മുന്നിലെ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അടൂര്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീജിത്. അടൂര്‍ കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്കൂള്‍ വാന്‍ മറിഞ്ഞ് കെ.എസ്.ഇ.ബിയുടെ കോണ്‍ക്രീറ്റ് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചത് ഇവിടെയാണ്. പതിന്നാലാംമൈലിനും കത്തോലിക്ക പള്ളിക്കും ഇടക്കുണ്ടായ അപകടങ്ങളില്‍ അരഡസനിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ബൈക് നിയന്ത്രണംവിട്ട് പാതയരികിലെ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. നിയന്ത്രണംവിട്ട ബൈക് മറിഞ്ഞ് യാത്രികനായ അധ്യാപകന്‍ മരിച്ചു. ഇവിടെ ബൈക് യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കൊടുംവളവും കയറ്റവും ഇറക്കവും റബറൈസ്ഡ് ടാറിങ്ങും ടാറിങ് വശങ്ങളിലെ കുഴികളുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇവിടെ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്ന് കെ. എസ്.ടി.പിക്കും ട്രാഫിക് പൊലീസിനും നാട്ടുകാര്‍ പലതവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.