അരീക്കക്കാവ് മാതൃകാ തടി ഡിപ്പോയില്‍ തടിയുടെ പൊടിപോലുമില്ല

പത്തനംതിട്ട: സര്‍ക്കാര്‍ മാതൃകാ തടി ഡിപ്പോയായി പ്രഖ്യാപിച്ച അരീക്കക്കാവില്‍ തടിയുടെ പൊടിപോലുമില്ലാത്ത അവസ്ഥ. 40 വര്‍ഷം മുമ്പ് ആരംഭിച്ച ഡിപ്പോ 35 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം റീജനല്‍ ലേബര്‍ കമീഷണര്‍ കയറ്റിറക്കുതൊഴിലാളികളുടെ എണ്ണം 39 ആയി നിജപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് മറ്റു വരുമാന മാര്‍ഗങ്ങളില്ല. വടശേരിക്കര ഫോറസ്റ്റ് റെയ്ഞ്ചില്‍ 2008ല്‍ തേക്കുകൂപ്പുകള്‍ തീര്‍ത്തുവെട്ടി അവസാനിപ്പിക്കുന്നതുവരെ അരീക്കക്കാവില്‍ നിറയെ തടി ഉണ്ടായിരുന്നു. കാടുവെട്ട് നടക്കുന്ന വനപ്രദേശത്തോട് ചേര്‍ന്നുള്ള ഡിപ്പോയില്‍ നേര്‍പകുതി ഘനമരങ്ങളും മുഴുവന്‍ വെള്ളമരങ്ങളും അട്ടിവെച്ച് ലേലം ചെയ്യുന്നതാണ് വനം വകുപ്പിന്‍െറ കീഴ്വഴക്കം. തദ്ദേശഡിപ്പോയില്‍ ഇറക്കിയതിനു ശേഷമുള്ള തടികള്‍ മുഖ്യവനപാലകന്‍ വിജ്ഞാപനം നടത്തി അതേ സര്‍ക്ക്ളിലെ മറ്റു ഡിപ്പോകള്‍ക്ക് നല്‍കും. വടശേരിക്കര ഫോറസ്റ്റ് റെയ്ഞ്ചില്‍ തുടര്‍ച്ചയായി തീര്‍ത്തുവെട്ട് നടന്ന കാലങ്ങളില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ തടികള്‍ക്ക് തുല്യഅളവിലുള്ള മരങ്ങള്‍ ഇവിടേക്കും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു. വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വം പ്രശ്നത്തില്‍ ഇടപെട്ട് അരീക്കക്കാവില്‍ തടികള്‍ കൊണ്ടുവരാന്‍ കരാര്‍ ഉണ്ടാക്കി. ഇതനുസരിച്ച് കുമ്മണ്ണൂര്‍, വയക്കര വനമേഖലകളില്‍നിന്ന് തടികള്‍ ഇവിടേക്ക് കൊണ്ടുവരേണ്ടതാണ്. എന്നാല്‍, മുന്‍ വനം മന്ത്രിയായിരുന്ന പത്തനാപുരം എം.എല്‍.എ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൂടുതല്‍ തടികള്‍ കടക്കാമണ്‍ ഡിപ്പോയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി പത്തനംതിട്ട ഡിസ്ട്രിക്ട് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രവര്‍ത്തക യോഗം ആരോപിച്ചു. മറ്റു കൂപ്പുകളില്‍നിന്ന് യഥാസമയം തടികള്‍ എത്തിക്കുന്നില്ളെങ്കില്‍ ഉടന്‍ തീര്‍ത്തുവെട്ട് ആരംഭിക്കുന്ന വടശേരിക്കര റെയ്ഞ്ച് പരിധിയിലെ തണ്ണിത്തോട്, അടുകുഴി തേക്ക് പ്ളാന്‍േറഷനില്‍നിന്ന് പുറത്തേക്ക് മരങ്ങള്‍ കൊണ്ടുപോകുന്നത് തടയാനും യോഗം തീരുമാനിച്ചു. യൂനിയന്‍ ജനറല്‍ സെക്രട്ടറി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബാബു ചൂളക്കല്‍ അധ്യക്ഷത വഹിച്ചു. ബാബു പാങ്ങാട്ട്, ടി.എസ്. സജി, വി.എന്‍. ജയകുമാര്‍, എ.ആര്‍. വിക്രമന്‍, എന്‍.ടി. എബ്രാഹം നക്കാട്ടുകാവുങ്കല്‍, എം.ആര്‍. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.