പ്ളാസ്റ്റിക് ഫ്രീ ശബരിമല ഇനി മിഷന്‍ ഗ്രീന്‍ ശബരിമല

പത്തനംതിട്ട: പ്ളാസ്റ്റിക് ഫ്രീ ശബരിമല പദ്ധതി ഇത്തവണ വിപുലമായ പരിപാടികളോടെ മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ നവംബര്‍ 16 മുതല്‍ നടപ്പാക്കുമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. ശബരിമലയെ പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ തീര്‍ഥാടന കാലത്ത് നടപ്പാക്കിയ പ്ളാസ്റ്റിക് ഫ്രീ ശബരിമല പദ്ധതി, പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം വലിച്ചെറിയാതെ പൂങ്കാവനത്തെ പരിപാവനമായി സംരക്ഷിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു. മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ ഇത്തവണ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉത്തരവാദിത്തപൂര്‍ണമായ തീര്‍ഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പമ്പയില്‍ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാകുന്നതും തടയുക, പ്ളാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യ ശേഖരണികളില്‍ മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവ-അജൈവമാലിന്യം പ്രത്യേകം വേര്‍തിരിച്ചെടുക്കുക തുടങ്ങിയ പദ്ധതികളാണ് മിഷന്‍ ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം വെവ്വേറെ ശേഖരിക്കുന്നതിന് പമ്പ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ നീലയും ചുവപ്പും നിറത്തിലുള്ള 200 വീപ്പകള്‍വെക്കും. മാലിന്യ മുക്ത സന്ദേശം തീര്‍ഥാടകരില്‍ എത്തിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പമ്പ രാമസ്വാമി മണ്ഡപത്തിന് സമീപം വിശാലമായ കാന്‍വാസില്‍ ഒപ്പുരേഖപ്പെടുത്തല്‍ പ്രചാരണം നടത്തും. ഈ മാസം 22വരെ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പമ്പയില്‍ നടക്കും. മിഷന്‍ ഗ്രീന്‍ ശബരിമല സന്ദേശം ഉള്‍പ്പെടുത്തി വിഡിയോ സീഡി തയാറാക്കുകയും ഇവ ശബരിമലയിലേക്കത്തെുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയില്‍ തടഞ്ഞ് നല്‍കും. ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ മാലിന്യത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന് കൗണ്ടറുകള്‍ തുറക്കുന്നത് പരിഗണിക്കും. ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ അറിയിപ്പിനൊപ്പം മിഷന്‍ ഗ്രീന്‍ ശബരിമല സന്ദേശം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. പമ്പയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ശുചിത്വമിഷന്‍ ഹ്രസ്വചിത്രം തയാറാക്കും. തീര്‍ഥാടകര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് ശബരിമലയില്‍ എവിടെയെല്ലാം വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കാമെന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ശുചിത്വമിഷനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ പ്രചാരണത്തിനായി ഫേസ്ബുക്കും എഫ്.എം റേഡിയോയും പ്രയോജനപ്പെടുത്തും. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ മിഷന്‍ ഗ്രീന്‍ ശബരിമലയെക്കുറിച്ച് ഗുരുസ്വാമിമാര്‍ക്കായി ബോധവത്കരണ പരിപാടി നടത്തുന്നതും പരിഗണനയിലാണ്. ശബരിമലയിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ ഏജന്‍സിയെ നിയോഗിക്കുന്നത് പരിഗണനയിലാണെന്ന് കലക്ടര്‍ പറഞ്ഞു. ളാഹയിലും കണമലയിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പ്ളാസ്റ്റിക്കിനെതിരെ ഇത്തവണയും ബോധവത്കരണപ്രവര്‍ത്തനം നടത്തും. ഇതിന്‍െറ ഭാഗമായി അയ്യപ്പന്മാര്‍ കൈമാറുന്ന പ്ളാസ്റ്റിക് കവറുകള്‍ക്കു പകരം തുണിസഞ്ചി നല്‍കും. വാഹനങ്ങളില്‍ പൂങ്കാവനത്തെ മാലിന്യ മുക്തമാക്കി സംരക്ഷിക്കണമെന്ന സന്ദേശമടങ്ങിയ സ്റ്റിക്കര്‍ പതിക്കുകയും അഞ്ചു ഭാഷകളിലുള്ള സന്ദേശം കേള്‍പ്പിക്കുകയും ചെയ്യും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണപ്രവര്‍ത്തനം നടത്തും. ബസില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് പ്ളാസ്റ്റിക് കവറുകള്‍ക്കു പകരം തുണിസഞ്ചി നല്‍കുന്നതിന് സംവിധാനമൊരുക്കും. പ്ളാസ്റ്റിക്കിനെതിരായ സന്ദേശമടങ്ങിയ പോക്കറ്റ് കാര്‍ഡും നല്‍കും. വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനം നടത്തുന്നതിന് വെബ്സൈറ്റിലൂടെ അപേക്ഷിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും മാലിന്യ മുക്തമായി ശബരിമലയെ സംരക്ഷിക്കണമെന്ന സന്ദേശം ഇ-മെയിലായും എസ്.എം.എസായും ലഭിക്കും. 10 പേരടങ്ങുന്ന ടീമിനെ ഉപയോഗിച്ച് ശബരിമലയില്‍ ബോധവത്കരണം നടത്താനും ആലോചിക്കുന്നുണ്ട്. ശബരിമലയിലെ താല്‍ക്കാലിക ഹോട്ടലുകളിലെ വില നിശ്ചയിക്കുന്നതിന് നവംബര്‍ 11ന് വൈകീട്ട് മൂന്നിന് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്ഥിരം ഹോട്ടലുകളുമായും ചര്‍ച്ച നടത്തുമെന്നും ഭക്ഷ്യവസ്തുക്കളുടെ വിലയും അളവും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ചുമതലക്കായി ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വനമേഖലകളില്‍ ഇത്തവണയും ബോധവത്കരണപ്രവര്‍ത്തനത്തിനും മാലിന്യ ശേഖരണത്തിനുമായി ഇക്കോ ഗാര്‍ഡുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റുകള്‍ വഴിയും ബോധവത്കരണം നടത്തും. ഐ.ഒ.സി സ്പോണ്‍സര്‍ ചെയ്യുന്ന 50 ബോര്‍ഡുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. പമ്പയില്‍ പ്ളാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. തുണിസഞ്ചി, പ്ളാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടര്‍, ബോധവത്കരണ കൗണ്ടര്‍ എന്നിവ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാം. കലക്ടര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.