പത്തനംതിട്ട നഗരസഭ: യു.ഡി.എഫിന് കുഴപ്പങ്ങളില്‍നിന്ന് കരകയറാനായില്ല

പത്തനംതിട്ട: പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം കഴിഞ്ഞപ്പോഴും പത്തനംതിട്ട നഗരസഭയില്‍ യു.ഡി.എഫിന് കുഴപ്പങ്ങളില്‍നിന്ന് കരകയറാനായില്ല. ആര്‍.എസ്.പിയുമായുള്ള ധാരണ പൂര്‍ണമായും തെറ്റിപ്പിരിഞ്ഞു. ലീഗ് സ്ഥാനാര്‍ഥി സ്വന്തം പാര്‍ട്ടിയില്‍നിന്നു തന്നെ റെബല്‍ ഭീഷണി നേരിടുന്നു. 24ാം വാര്‍ഡില്‍ നിലവിലെ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ്കുമാറിന്‍െറ ഭാര്യക്ക് സീറ്റ് തരപ്പെടുത്തുന്നതിന് നടന്ന നീക്കങ്ങളാണ് ആര്‍.എസ്.പിയെ പിണക്കുന്നതിനുവരെ കാരണമായത്. 24, 25 വാര്‍ഡുകളാണ് ആര്‍.എസ്.പിക്ക് നല്‍കാന്‍ ധാരണയായത്. ചെയര്‍മാന്‍ സുരേഷ് 25ലും ഭാര്യ അഡ്വ. ഗീത സുരേഷ് 24ാം വാര്‍ഡിലും പത്രിക നല്‍കിയതോടെ ആര്‍.എസ്.പി പിണങ്ങുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ 25ാം വാര്‍ഡില്‍ നല്‍കിയിരുന്ന നാമനിര്‍ദേശ പത്രിക കഴിഞ്ഞ ദിവസം പിന്‍വലിച്ചു. ഭാര്യ അഡ്വ. ഗീത സുരേഷ് 24ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതിനാലാണ് സുരേഷ് പത്രിക പിന്‍വലിക്കാന്‍ തയാറായത്. 25ാം വാര്‍ഡില്‍ അഡ്വ. റോഷന്‍ നായരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. രണ്ടിടത്തും സൗഹൃദ മത്സരം നടത്താന്‍ ആര്‍.എസ്.പി തീരുമാനിച്ചു. 24ല്‍ ഷാഹിദ ഷാനവാസ്, 25ല്‍ അനീഷ് കണ്ണങ്കര എന്നിവരാണ് ആര്‍.എസ്.പി സ്ഥാനാര്‍ഥികള്‍. മുസ്ലിംലീഗിന് ഒമ്പത്, 13, 22 വാര്‍ഡുകളാണ് അനുവദിച്ചത്. 22ല്‍ എ. സഹീറിനെ സ്ഥാനാര്‍ഥിയാക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് ലീഗിലെ തന്നെ റഷീദബീവി റെബലായി മത്സരരംഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. റഷീദയെ പിന്തിരിപ്പിക്കാന്‍ ലീഗ് ജില്ലാ നേതൃത്വം നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. റഷീദ നഗരസഭ മുന്‍ വൈസ് ചെയര്‍മാനാണ്. 13ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസില്‍നിന്ന് റെബലായി പത്രിക നല്‍കിയ ആള്‍ അത് പിന്‍വലിച്ചു. മറ്റ് വാര്‍ഡുകളില്‍ യു.ഡി.എഫിന് റെബല്‍ ഭീഷണി ഒഴിവായിട്ടുണ്ട്. എല്‍.ഡി.എഫിന് നഗരസഭയില്‍ എവിടെയും റെബലുകളില്ല. സിറ്റിങ് കൗണ്‍സിലര്‍ മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍ മൂന്നാംവാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ സി.കെ. അര്‍ജുനനും സി.പി.എമ്മിലെ ഹരീഷുമാണ് സ്ഥാനാര്‍ഥികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.