വയോജനങ്ങള്‍ക്ക് കൈത്താങ്ങായി പ്രവാസി മിത്രം ജെറിയാട്രിക് കെയര്‍

പത്തനംതിട്ട: ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കുടുംബശ്രീ നടപ്പാക്കുന്ന പ്രവാസി മിത്രം പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്കുവേണ്ടി ജെറിയാട്രിക് കെയര്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്നു. പ്രായം ചെന്നവരുടെ ആരോഗ്യപരിചരണം, ദൈനംദിന ആവശ്യങ്ങള്‍ എന്നിവക്ക് കുടുംബശ്രീ ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ വിശ്വാസനീയരായവരെ ലഭിക്കുന്നു. വീടുകളില്‍ തന്നെ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പ്ള്‍ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച 20 അയല്‍കൂട്ടാംഗങ്ങളാണ് ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. ആരോഗ്യ പരിചരണത്തോടൊപ്പം കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കുന്നതും ആയുര്‍വേദ മസാജിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും പദ്ധതിയുടെ ഭാഗമാണ്. എട്ടു മണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റായാണ് സേവനം. എട്ടു മണിക്കൂര്‍ സേവനത്തിന് പ്രതിമാസം 6000 രൂപയാണ് ഫീസ്. 16 മണിക്കൂര്‍ സേവനം ആവശ്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. 24 മണിക്കൂര്‍ സേവനത്തിന് രണ്ടു ജെറിയാട്രിക് കെയര്‍ ഗിവര്‍മാരുടെ സേവനം ലഭിക്കും. തിരുവല്ല, റാന്നി, പത്തനംതിട്ട എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണ് ജെറിയാട്രിക് കെയര്‍ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു കാള്‍ സെന്‍റര്‍ ആരംഭിക്കും. ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ സേവനം ആവശ്യമുള്ളവര്‍ www.pravasimithram.org വെബ്സൈറ്റിലോ ആദ്യഘട്ടത്തില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററിലോ രജിസ്റ്റര്‍ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.