ആറു ട്രാക്കില്‍ എട്ടുപേര്‍ ഓടി; കൂട്ടിയിടിച്ച് കുട്ടികള്‍ക്ക് പരിക്ക്

പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ ആവശ്യത്തിന് ജഡ്ജസില്ലാത്തതിനാല്‍ ട്രാക്കില്‍ കൂട്ടയിടി; ആറുപേര്‍ക്ക് പരിക്കേറ്റു. 200 മീറ്റര്‍ ഓട്ടം നടന്ന ട്രാക്കിലെ അപകടങ്ങളാണ് മത്സരാര്‍ഥികളെ വേദനിപ്പിച്ചത്. ആറു ട്രാക്കാണ് ഉണ്ടായിരുന്നത്. ഇതില്‍ ഓരോ ട്രാക്കിലും എട്ടുപേരെ വീതം ഓടിപ്പിച്ചതായാണ് പരാതി. ഇതിനിടെ പലരും കൂട്ടിയിടിച്ച് താഴെ വീണു. ഇതില്‍ ഗുരുതരമായി പരിക്കേറ്റവരുമുണ്ട്. വേണ്ടത്ര ട്രാക് ജഡ്ജസ് ഇല്ലാത്തതിനാല്‍ ട്രാക് പാലിക്കാതെ ഓടാന്‍ അനുമതി നല്‍കിയതാണ് കുട്ടികള്‍ കൂട്ടിയിടിച്ച് വീഴാന്‍ കാരണം. ജൂനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ ആണ്‍കുട്ടികളുടെയും മത്സരത്തിലാണ് കുട്ടികള്‍ കൂട്ടിയിടിച്ച് വീണത്. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അവസാന 100 മീറ്റര്‍ തുടങ്ങുമ്പോഴാണ് റാന്നി എസ്.സി.എച്ച്.എസ്.എസിലെ മിഥുന്‍ എം. നായര്‍ വീണത്. കാലിനും കൈക്കും കാര്യമായി പരിക്കേറ്റ കുട്ടിക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ട്രാക്കിലെ ഒന്നാംവളവ് കഴിയുമ്പോള്‍ തന്നെ കുട്ടികള്‍ ട്രാക് മുറിച്ച് ഉള്ളിലുള്ള ട്രാക്കിലേക്ക് മാറുകയായിരുന്നു. ഇത് ഓട്ടത്തിന്‍െറ താളംതെറ്റിച്ചു. മുന്നില്‍ ചാടിയ പലരും ഇടിയേറ്റ് വീണു. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതായിരുന്ന ഡൊമിനിക്കിനും വീണ് മത്സരത്തില്‍നിന്ന് പിന്‍മാറേണ്ടി വന്നു. പരാതി വര്‍ധിച്ചപ്പോള്‍ ജഡ്ജസിനെ എത്തിച്ചാണ് അടുത്ത മത്സരം പൂര്‍ത്തിയാക്കിയത്. മേളക്ക് ആവശ്യത്തിന് കായികാധ്യാപകരെ കിട്ടാനില്ലാത്തതാണ് ട്രാക് ജഡ്ജസ് ഇല്ലാത്തതിന് കാരണമെന്ന് സംഘാടകര്‍ പറയുന്നു. ജഡ്ജസിനെ കിട്ടാതായതോടെ അകമ്പടി അധ്യാപകരെ കൂടി സംഘടിപ്പിച്ചാണ് പലപ്പോഴും മത്സരം നടത്തിയത്. 3000 മീറ്റര്‍ ജൂനിയര്‍ ഗേള്‍സിന്‍െറ നടത്ത മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തേണ്ട കുട്ടിക്ക് ഫിനിഷിങ് പോയന്‍റില്‍ ജഡ്ജസ് ശ്രദ്ധിക്കാഞ്ഞത് കാരണം സമ്മാനം നഷ്ടമായതായും പരാതിയുണ്ട്. ഇതുകാരണം കൂടുതല്‍ റൗണ്ട് മത്സരാര്‍ഥി മുന്നോട്ട് പോകുകയും ചെയ്തു. നടത്ത മത്സരം പലപ്പോഴും ഓട്ടമത്സരം ആയി. തെറ്റുകള്‍ ശ്രദ്ധിക്കാനുള്ള ടെക്നിക്കല്‍ മാനേജര്‍മാരെയും ഒരിടത്തും നിയമിച്ചിരുന്നില്ല. അപ്പീല്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ ആരും സ്ഥലത്തില്ലാതിരുന്നതായും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പരാതിയുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.വി. രാമചന്ദ്രനെ വെള്ളിയാഴ്ച ഉദ്ഘാടന ചടങ്ങിനുശേഷം ഇവിടെ കണ്ടില്ളെന്നും സ്ഥലംവിട്ടതായും മേള വഴിപാടായി നടത്തുകയാണെന്നും രക്ഷിതാക്കള്‍ പരാതി പറയുന്നു. സംഘാടകരില്‍ ചിലര്‍ മദ്യപിച്ച് കായികമേള ആഘോഷമാക്കുന്നതായും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.