പന്നിക്കുഴിപ്പാലം ക്രിസ്മസിനുമുമ്പ് തുറക്കണം

പത്തനംതിട്ട: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന് ജില്ലാ വികസന സമിതി. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടന കാലം കൂടി കണക്കിലെടുത്ത് ഉടന്‍ ഒഴിവുകള്‍ നികത്തി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് എം.എല്‍.എമാരായ മാത്യു ടി. തോമസ്, കെ. ശിവദാസന്‍ നായര്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ആവശ്യമുന്നയിച്ചു. വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ ഡോക്ടര്‍മാര്‍ പോകുന്നത് തടയണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്‍െറ ഒഴിവ് ഉടന്‍ നികത്തണമെന്നും ജില്ലയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമാണെന്ന് ഉറപ്പുവരുത്തണമെന്നും കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അടൂര്‍ ആശുപത്രിയില്‍ കാഷ്വല്‍റ്റിയില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും പറഞ്ഞു. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് താല്‍ക്കാലിക നിയമനത്തിന് ശ്രമിച്ചതായും എന്നാല്‍, ആളിനെ കിട്ടാത്ത അവസ്ഥയാണുള്ളതെന്നും ഡി.എം.ഒ അറിയിച്ചു. പന്നിക്കുഴിപ്പാലം പണിപൂര്‍ത്തിയാക്കി ക്രിസ്മസിന് മുമ്പെങ്കിലും തുറന്നുകിട്ടണമെന്നും അവിടെ നിലവില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് സഹായം ഏര്‍പ്പെടുത്തണമെന്നും മാത്യു ടി. തോമസ് പറഞ്ഞു. കുറ്റപ്പുഴ പാലത്തിന് സമീപം മുത്തൂരിലേക്ക് തിരിയുന്നിടത്തും പാലം കഴിഞ്ഞ് വലതുഭാഗത്തും കല്ലും കമ്പിയും കിടക്കുന്നത് മാറ്റാന്‍ നടപടിവേണം. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ സമയം അറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. തോട്ടഭാഗം കവലയില്‍ സൂപ്പര്‍ ഫാസ്റ്റ്, ലോഫ്ളോര്‍ ഉള്‍പ്പെടെ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് സ്റ്റോപ് അനുവദിക്കണം. തിരുവല്ല റവന്യൂ ടവറില്‍ വെള്ളം കിട്ടാന്‍ നടപടി വേണം. മണിപ്പുഴ 57 പാടശേഖരങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ജലസേചനം മുടങ്ങുന്നത് ഒഴിവാക്കാന്‍ നടപടിവേണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. വാട്ടര്‍ അതോറിറ്റി വഴി നടപ്പാക്കുന്ന മല്ലപ്പുഴശേരി ഇലന്തൂര്‍ പദ്ധതി പൂര്‍ത്തിയാകാന്‍ നേരിടുന്ന താമസം ഒഴിവാക്കണമെന്നും കോഴഞ്ചേരി മിനിസിവില്‍ സ്റ്റേഷനിലെ കെട്ടിടത്തിന്‍െറ ചോര്‍ച്ച പൂര്‍ണമായും മാറ്റാനും ഓഫിസുകളുടെ പ്രവര്‍ത്തനം ഇവിടെ തുടങ്ങാനും നടപടി വേണമെന്ന് കെ. ശിവദാസന്‍ നായര്‍ ആവശ്യമുന്നയിച്ചു. കോഴഞ്ചേരിയില്‍ അഗ്നിശമനസേനയുടെ ഓഫിസ് തുടങ്ങണം. കോഴഞ്ചേരി-നാരങ്ങാനം റോഡില്‍ മഴവെള്ളം കെട്ടുന്നതിന് പരിഹാരം വേണം. ആറന്മുള സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിന് മരാമത്ത് വകുപ്പിന് തുക കൈമാറാനുള്ള പ്രവൃത്തി ഊര്‍ജിതമാക്കണം. അച്ചന്‍കോവിലാറിന്‍െറ വശങ്ങള്‍ ഇടിയുന്നത് ഭിത്തികെട്ടി സംരക്ഷിക്കാന്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് മുഖാന്തരം ശ്രമം വേണമെന്ന് ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. പന്തളം പി.എച്ച്.സിയുടെ വക സ്ഥലം കൈയേറിയ ഭാഗത്ത് റീസര്‍വേ നടത്തണം. രണ്ട് കെട്ടിടങ്ങള്‍ അടഞ്ഞുകിടക്കുന്നത് തുറക്കാന്‍ നടപടിവേണം. അടൂര്‍ ഏനാത്ത് പറന്തല്‍ നഗര്‍ എന്നിവിടങ്ങളില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കണം. പന്തളം-മാവേലിക്കര റോഡില്‍ മുട്ടാര്‍ കവലക്ക് സമീപം ഓട അടഞ്ഞ് റോഡില്‍ മുട്ടൊപ്പം വെള്ളം കെട്ടുന്നതിന് പരിഹാരം വേണം. അടൂര്‍ സെന്‍റര്‍ ടവര്‍ ഗാന്ധിപാര്‍ക്കിനു ചുറ്റും ടൈല്‍ പാകണം. ഏനാത്ത് ആറിന്‍െറ കര ഇടിയുന്നത് തടയണം. ചെങ്ങന്നൂരില്‍നിന്ന് പന്തളം ക്ഷേത്രത്തിലത്തെും വിധം അയ്യപ്പന്മാര്‍ക്ക് സൗകര്യമൊരുക്കി ബസ് അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. തിരുവല്ല-റാന്നി റോഡില്‍ തടിയൂര്‍ കവലയില്‍ വെള്ളക്കെട്ട് ഒഴിവാക്കാനും കൊടുമണ്‍-അങ്ങാടിക്കല്‍ പ്രദേശത്ത് കാട്ടുപന്നി ശല്യം വര്‍ധിക്കുന്നത് തടയാനും അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പാര്‍ക്കിങ് സംബന്ധിച്ച പരാതി പരിഹരിക്കാന്‍ ആശുപത്രി സമിതി കൂടണമെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഏലിയാമ്മ തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ അധ്യക്ഷന്മാരായ രജനി പ്രദീപ്, ഷൈനി ജോസ്, പന്തളം നഗരസഭാ ഉപാധ്യക്ഷന്‍ ഡി. രവീന്ദ്രന്‍, തോപ്പില്‍ ഗോപകുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.ജെ. ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.