അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ജാതിപറഞ്ഞ് ആക്ഷേപിച്ചെന്ന് പരാതി

അടൂര്‍: ആദിവാസി ജീവനക്കാരിയെ ജോലി സമയത്ത് ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന് അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ പരാതി. ആശുപത്രിയിലെ അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ജോലിചെയ്യുന്ന എ.എം. ജലജാകുമാരിയാണ് പരാതിക്കാരി. കഴിഞ്ഞ 11നാണ് പരാതിക്കിടയാക്കിയതായി പറയുന്ന സംഭവം. പേ വാര്‍ഡ്, ഓഫിസ്, ബ്ളഡ് ബാങ്ക് എന്നിവിടങ്ങളിലായിരുന്നു അന്ന് ജലജാകുമാരിക്ക് ഡ്യൂട്ടി. വാര്‍ഡുകളിലെ തറ തുടക്കുകയും ബാത്റൂമും വാഷ്ബെയിസനും കഴുകിവൃത്തിയാക്കുകയുമായിരുന്നു ജോലി. ജോലിചെയ്ത ശേഷം വിശ്രമിക്കുകയായിരുന്ന ജലജാമണിയെ ഒന്നേമുക്കാലോടെ സൂപ്രണ്ട് അവരുടെ മുറിയിലേക്ക് വിളിപ്പിച്ചു. മേശ തുടച്ചില്ളെന്ന കാരണം പറഞ്ഞ് കടുത്ത ഭാഷയില്‍ ശകാരവര്‍ഷം ആരംഭിക്കുകയായിരുന്നു. മേശ തുടക്കുകയെന്നത് ഗ്രേഡ് വണ്‍ ജീവനക്കാരിയുടെ ജോലിയാണെന്ന് പറഞ്ഞെങ്കിലും കേട്ടഭാവം നടിക്കാതെ ശകാരം തുടരുകയായിരുന്നു. ഏത് കാട്ടില്‍ നിന്നാണോ ഇതൊക്കെയിറങ്ങി വരുന്നതെന്നും ആദിവാസി സ്വഭാവമാണിതൊക്കെയെന്നും പറഞ്ഞ് ആക്ഷേപിച്ചതായാണ് പരാതി. സമാന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ കാണിക്കാരന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസിയാണ് ജലജകുമാരി. പട്ടികജാതി വകുപ്പ് മന്ത്രി കെ.പി. അനില്‍കുമാര്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ഹെല്‍ത്ത് ഡയറക്ടര്‍ എന്നിവര്‍ക്ക് ജലജകുമാരി പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.