75 ലക്ഷം രൂപ പാഴായി; കുളനട ആരോഗ്യകേന്ദ്രം ശോച്യാവസ്ഥയില്‍

പന്തളം: കുളനട ആരോഗ്യകേന്ദ്രത്തിനനുവദിച്ച 75 ലക്ഷം രൂപ പാഴായി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തില്‍ (എന്‍.ആര്‍.എച്ച്.എം) ഉള്‍പ്പെടുത്തി കേന്ദ്ര പദ്ധതിയായി 2014-15 സാമ്പത്തികവര്‍ഷം കുളനട പഞ്ചായത്തിനനുവദിച്ച ഫണ്ടാണ് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതമൂലം പാഴായത്. രാഷ്ട്രീയ വടംവലിയില്‍ അധികാര തര്‍ക്കം മാത്രമാണ് കഴിഞ്ഞകുറച്ചു നാളായി കുളനടയില്‍ അരങ്ങേറുന്നത്. കിടത്തിച്ചികിത്സിക്കാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിനുള്ള ഫണ്ടാണ് പദ്ധതിയില്‍ കുളനടക്ക് അനുവദിച്ചത്. എന്നാല്‍, പഞ്ചായത്ത് ഭരണസമിതി തുടര്‍ നടപടി സ്വീകരിച്ചില്ല. ഒരേക്കറിലധികം സ്ഥലം സ്വന്തമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുണ്ട്. നൂറിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ ആരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഏതു സമയവും നിലംപൊത്താവുന്ന തരത്തിലാണ് കെട്ടിടം. ദിനംപ്രതി മുന്നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന സാധാരണക്കാരായവര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അടൂരിലോ, ചെങ്ങന്നൂരിലോ എത്തേണ്ട സാഹചര്യമാണ്. ശബരിമല തീര്‍ഥാടനകേന്ദ്രം എന്ന പരിഗണനയിലാണ് പന്തളത്തും കുളനടയിലും ഒരേപോലെ എന്‍.ആര്‍.എച്ച്.എം ഫണ്ട് അനുവദിച്ചത്. എന്നാല്‍, പന്തളത്തെ കെട്ടിടംപണി പൂര്‍ത്തിയായി ഉദ്ഘാടനം കാത്തുകിടക്കുകയാണ്. കുറച്ചുകാലമായി കുളനടയിലെ പഞ്ചായത്ത് ഭരണസമിതി വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല എന്ന ആക്ഷേപം ശക്തമായിരുന്നു. കുളനടയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ഇതില്‍ ഒരാള്‍ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ ഇപ്പോള്‍ മെഴുവേലി ആരോഗ്യകേന്ദ്രത്തിന്‍െറ ചുമതല വഹിക്കുകയാണ്. ഇത് കുളനടയിലെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. ഇവിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക ഒഴിഞ്ഞുകിടന്നിട്ട് ഒരുവര്‍ഷത്തോളമാകുന്നു. 2015 ജനുവരി മുതല്‍ ഈ തസ്തികയില്‍ ജീവനക്കാരില്ല. ഫീല്‍ഡ് ജോലികളെ കൂട്ടിയിണക്കേണ്ട പ്രധാന ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഒഴിവ് നികത്താന്‍ ഒരു ഇടപെടലും നടത്താന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ളെന്ന ആക്ഷേപവും ശക്തമാണ്. കിടത്തിച്ചികിത്സ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ പന്തളം ബ്ളോക് പഞ്ചായത്ത് പണിത് നല്‍കിയ ശൗചാലയം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കാട് മൂടി ക്കിടക്കുന്ന ആശുപത്രി പരിസരം വൃത്തിയാക്കാനും പഞ്ചായത്ത് ഭരണസമിതിക്കാകുന്നില്ല. ആരോഗ്യകേന്ദ്രത്തിന്‍െറ ഭൂമിയില്‍ കൈയേറ്റം നടത്തി അനധികൃതമായി പണിത കെട്ടിടവും സ്ഥലവും റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി ആര്‍.ഡി.ഒയുടെ അധീനതയിലാണിപ്പോള്‍. എന്നാല്‍, ഇത് വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുന്നതിലും കുളനട പഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയമാണ്. തീര്‍ഥാടന കേന്ദ്രം കൂടിയായ കുളനടയില്‍ സാധാരണക്കാരായ നിരവധി രോഗികളാണ് കിടത്തിച്ചികിത്സക്കായി ദിനംപ്രതി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.