പെരുനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തവണയും തീര്‍ഥാടകര്‍ക്ക് ചികിത്സ ലഭിക്കില്ല

വടശ്ശേരിക്കര: പെരുനാട് സര്‍ക്കാര്‍ ആശുപത്രിയോട് അവഗണന. തീര്‍ഥാടകര്‍ക്ക് ഇത്തവണയും ചികിത്സ ലഭിക്കില്ല. മണ്ഡലകാലം ആരംഭിക്കുന്നതോടെ നിരവധി തീര്‍ഥാടകര്‍ ചികിത്സ തേടിയത്തെുന്ന പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേകം ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകാത്തതാണ് അപകടത്തിലും മറ്റും പെടുന്ന തീര്‍ഥാടകര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ കാരണമാകുന്നത്. ശബരിമല പാതയിലെ മണ്ണാറക്കുളഞ്ഞിക്കും പമ്പക്കും ഇടക്കുള്ള ഏക സാമൂഹികാരോഗ്യ കേന്ദ്രമാണ് പെരുനാട്ടിലേത്. വടശ്ശേരിക്കരക്കും നിലക്കലിനുമിടയില്‍ തീര്‍ഥാടകര്‍ അപകടത്തില്‍ പെടുകയോ രോഗം മൂര്‍ച്ഛിക്കുകയോ ചെയ്താല്‍ ആദ്യം എത്തിക്കുന്ന ആരോഗ്യകേന്ദ്രം പെരുനാട്ടിലേതാണ്. മുന്‍ വര്‍ഷങ്ങളില്‍ തീര്‍ഥാടനകാലം അടുക്കുന്നതോടെ പമ്പയിലും സന്നിധാനം ആശുപത്രിയിലും പെരുനാട് സി.എച്ച്.സിയിലും കൂടുതല്‍ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും ആംബുലന്‍സുമൊക്കെ സജ്ജീകരിക്കുമായിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം വടശ്ശേരിക്കരക്കു സമീപം മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതലാണ് പെരുനാട് ആശുപത്രിയെ തീര്‍ഥാടക സേവന പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കുന്നത്. ഇതിനുപിന്നില്‍ ജില്ലാ ആസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുടെ താല്‍പര്യം കൂടിയുണ്ടെന്ന് പറയപ്പെടുന്നു. നൂറുകണക്കിന് തദ്ദേശവാസികളായ രോഗികള്‍ ദിനംപ്രതി എത്തിച്ചേരുന്ന പെരുനാട് ആശുപത്രിയില്‍ നാല് ഡോക്ടര്‍മാരാണ് ഇപ്പോഴുള്ളത്. ഇവരും മറ്റ് ജീവനക്കാരും ഡ്യൂട്ടിസമയം കഴിഞ്ഞും അധികജോലി ചെയ്യുന്നതുകൊണ്ടാണ് സി.എച്ച്.സി നിലനിന്ന് പോരുന്നതെന്ന് മെഡിക്കല്‍ ഓഫിസര്‍ പറയുന്നു. ഒരു ഡോക്ടര്‍ ശബരിമല ഡ്യൂട്ടിയിലുമാണ്. സമീപ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുമുണ്ട് ഇക്കൂട്ടത്തില്‍. ആകെയുള്ള ആംബുലന്‍സാകട്ടെ ഉപയോഗിക്കാന്‍ കഴിയാത്തവിധം കാലഹരണപ്പെടുകയും ചെയ്തു. തീര്‍ഥാടക സേവനം കൂടി പരിഗണിച്ച് സ്ഥാപിച്ച പുതിയ കെട്ടിടവും എക്സ് റേ യൂനിറ്റുമെല്ലാം രോഗികള്‍ക്ക് തുറന്നുകൊടുക്കാതെ കാലഹരണപ്പെടുകയുമാണ്. ഉച്ചക്ക് ഒ.പി സമയം അവസാനിക്കുന്നതോടെ ഈ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാതെയാകും. അതിനുശേഷം അപകടം പറ്റി തീര്‍ഥാടകരെ കൊണ്ടുവന്നാല്‍ പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല. ചൊവ്വാഴ്ച ചേരുന്ന ആശുപത്രി വികസന യോഗത്തിനുശേഷം വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ മധു പറഞ്ഞു. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ആരോഗ്യമന്ത്രിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.