പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

പത്തനംതിട്ട: പമ്പയുടെ സംരക്ഷണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം പമ്പയിലുണ്ടായ വെള്ളപ്പൊക്കത്തിന്‍െറ സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം വിലയിരുത്തുന്നതിനും ജില്ലാ കലക്ടര്‍ എസ്.ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പമ്പയെ മലിനമാക്കരുതെന്ന ബോര്‍ഡുകള്‍ തീര്‍ഥാടകര്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചാലക്കയം ടോള്‍ ബൂത്തിലത്തെുമ്പോള്‍ തീര്‍ഥാടകരെ ബോധവത്കരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. പമ്പയെ മലിനമാക്കരുതെന്ന സന്ദേശമടങ്ങിയ ആറ് ഭാഷകളിലുള്ള സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കും. തീര്‍ഥാടകര്‍ക്ക് വസ്ത്രം ഉപേക്ഷിക്കുന്നതിന് വലിയ ബിന്നുകള്‍ സ്ഥാപിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെയും ശുചിത്വ മിഷന്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പമ്പയില്‍ തീര്‍ഥാടകരെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇതിനു പുറമെ വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്‍റും ഏര്‍പ്പെടുത്തും. ദുരന്തങ്ങളെ നേരിടുന്നതിനായി കണ്ടിജന്‍സി പ്ളാന്‍ തയാറാക്കാന്‍ ഐ.എല്‍.ഡി.എമ്മിന് നിര്‍ദേശം നല്‍കി. ഓരോ വകുപ്പിന്‍െറയും ശക്തി മനസ്സിലാക്കിയാകും പ്ളാന്‍ തയാറാക്കുക. ദുരന്ത വേളകളില്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ നോഡല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും. ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ശുചിത്വസേനക്കും അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കും. വനമേഖലയില്‍ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം പ്രകൃതിക്ഷോഭം എന്നിവ സംബന്ധിച്ച വിവരം വനം വകുപ്പ് കണ്‍ട്രോള്‍ സെന്‍ററില്‍ ഉടനടി അറിയിക്കും. എല്ലാ ദിവസവും രാവിലെ 11 നും വൈകീട്ട് അഞ്ചിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും. പമ്പയിലെ വെള്ളത്തിന്‍െറ ഒഴുക്ക് സംബന്ധിച്ച് ജലവിഭവ വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. ഫയര്‍ ഫോഴ്സിന്‍െറ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്യാസ്, വെടിമരുന്ന് ശേഖരങ്ങളുടെ പരിശോധന നടത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങളില്‍ അനൗണ്‍സ്മെന്‍റ് നടത്തുന്നതിന് വേണ്ട സംവിധാനമേര്‍പ്പെടുത്തും. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേരും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.