‘വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ്’ വീണ്ടും പത്തനംതിട്ടയില്‍

പത്തനംതിട്ട : 2012 ലെ സിവില്‍ സര്‍വിസ് ജേതാവ് എം.പി. ലിപിന്‍രാജിന്‍െറ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തുടങ്ങിയ സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലന പരിപാടി വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ് വീണ്ടും പത്തനംതിട്ടയില്‍ എത്തുന്നു. 2014-15 വര്‍ഷത്തെ ബാച്ച് ഡിസംബറില്‍ അവസാനിക്കുന്നതിന് മുന്നോടിയായിട്ടാണ് 2015-16 വര്‍ഷത്തേക്കുള്ള ബെസ്റ്റ് 30 തെരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാ ജില്ലകളിലും കുട്ടികളെ തെരഞ്ഞെടുത്ത് വിവിധ ഓണ്‍ലൈന്‍ പഠന സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലിപ്പിക്കുന്നതാണ് പരിപാടിയുടെ ലക്ഷ്യം. വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ് ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാതൃകാ പരീക്ഷയിലൂടെ ജില്ലയില്‍നിന്നും ഏഴ്, എട്ട്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന 30 കുട്ടികളെ തെരഞ്ഞെടുത്ത് ഒരു വര്‍ഷത്തേക്ക് പരിശീലിപ്പിക്കുന്നതാണ് പദ്ധതി. വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ് ട്രസ്റ്റിന്‍െറ ബ്രാന്‍ഡ് അംബാസഡറാണ് ലിപിന്‍രാജ്. പരിശീലനം പൂര്‍ണമായും സൗജന്യമാണ്. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല വൈ.എം.സി.എ. സബ് റീജനുകളാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ജില്ലയിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നില്‍ നില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒബ്ജക്ടീവ്, വിവരണാത്മക പരീക്ഷകള്‍ക്കുശേഷം സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂ മാതൃകയില്‍ മുഖാമുഖം നടക്കും. അതിനുശേഷം മൂന്നാംഘട്ടത്തില്‍ ഗ്രൂപ് ചര്‍ച്ച കൂടി നടത്തിയാണ് അവസാന 30 പേരെ തെരഞ്ഞെടുക്കുക. ഇവരെ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐ ഹാവ് എ ഡ്രീം സിവില്‍ സര്‍വീസ് കൂട്ടായ്മയുടെ സാങ്കേതിക സഹായത്തോടെയാണ് സൗജന്യമായി പരിശീലിപ്പിക്കുക. സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും പരിശീലനം കിട്ടാതെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി വിജയിച്ച ലിപിന്‍രാജ് ഈ സാഹചര്യം മറ്റു കുട്ടികള്‍ക്ക് വരാതിരിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള പരിശീലകരുടെ സാന്നിധ്യം, അവിടത്തെ കോച്ചിങ് സ്ഥാപനങ്ങളില്‍ നിന്നുള്ള പഠന മെറ്റീരിയലുകള്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പഠനക്ളാസുകള്‍, വിവിധ സിവില്‍ സര്‍വീസുകാരുടെ ഓഫീസ് സന്ദര്‍ശിക്കല്‍, ഇ-ലേണിങ്, വെര്‍ച്യുല്‍ ക്ളാസ് മുറികള്‍, മോക്ക് ഇന്‍റര്‍വ്യൂ എന്നിവയും വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ് പദ്ധതിയിലുണ്ടാവും. സിവില്‍ സര്‍വിസ് പരിശീലനം കൂടാതെ ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് പരീക്ഷ, എന്‍ജിനീയറിങ്-മെഡിക്കല്‍ സര്‍വിസ് പരീക്ഷ എന്നിവയുടെയും പരിശീലനം ഉണ്ടാവും. മുപ്പത് സീറ്റില്‍ രണ്ട് സീറ്റ് ജില്ലയിലെ പിന്നാക്ക മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്ക് സംവരണം ചെയ്യും. കുട്ടികള്‍ക്ക് ഒരു വര്‍ഷ പരിശീലനത്തിന് പുറമേ ഇവര്‍ക്ക് വിവിധ പരീക്ഷകള്‍ എഴുതും വരെയും മാര്‍ഗനിര്‍ദേശം നല്‍കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിനകം www.walkwitha civilservant.com എന്ന വെബ്സൈറ്റിലോ 9446113911, 9947263064 എന്നീ നമ്പരുകളില്‍ എസ്എംഎസ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ആദ്യഘട്ട പരീക്ഷ ഡിസംബര്‍ 12ന് തിരുവല്ല, കുമ്പനാട്, കോഴഞ്ചേരി, കുറിയന്നൂര്‍, പത്തനംതിട്ട, അടൂര്‍ വൈ.എം.സി.എകളില്‍ നടക്കും. ഒരു വര്‍ഷത്തിനകം കേരളം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മോട്ടി ചെറിയാന്‍ (ചെയര്‍മാന്‍, വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ് ട്രസ്റ്റ്), സിറില്‍ സി. മാത്യു (അഡ്മിനിസ്ട്രേറ്റര്‍, വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ്), വൈ.എം.സി.എ. സബ് റീജന്‍ ചെയര്‍മാന്മാരായ സാം മാത്യു സി, ടി. എസ്. തോമസ്, വോക്ക് വിത്ത് എ സിവില്‍ സര്‍വന്‍റ് 2014 ബാച്ച് വിദ്യാര്‍ഥി റോജന്‍ ജോയ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.