ഗ്രാമപഞ്ചായത്ത് അംഗം സി.പിഎം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് രാജിവെച്ചു

കോഴഞ്ചേരി: അയിരൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം സി.പിഎം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് രാജിവെച്ചു. ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്‍റും കഴിഞ്ഞ ഭരണസമിതിയില്‍ അംഗവുമായിരുന്ന സുരേഷ് കുഴിവേലിയാണ് ഏരിയ സെക്രട്ടറി ആര്‍. അജയകുമാറിന് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ മൂന്നു ഭരണസമിതിയില്‍ അംഗവും എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായിരുന്ന സുരേഷ് കുഴിവേലി അയിരൂര്‍ നോര്‍ത് ലോക്കല്‍ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഇടതു മുന്നണിക്ക് ആറ് അംഗങ്ങളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലുള്ളത്. ഇവരില്‍ ഏറ്റവും സീനിയര്‍ അംഗമാണ് സുരേഷ് കുഴിവേലി. ഈ സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മറ്റൊരാളെ തീരുമാനിച്ചതാണ് രാജിക്ക് കാരണമായി പറയുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടക്ക് വിപരീതമായാണ് ലോക്കല്‍ കമ്മിറ്റി തലയെണ്ണി സ്ഥാനാര്‍ഥിയെ കണ്ടത്തെിയത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇത്തരത്തില്‍ തീരുമാനമെടുക്കുകയും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏരിയ കമ്മിറ്റി തന്നെ നിര്‍ദേശിക്കുകയുമായിരുന്നെന്നും ഇത് രണ്ടുതരം നീതിയാണെന്നും പാര്‍ട്ടി തന്നോട് വഞ്ചനയാണ് കാട്ടിയതെന്നും കുഴിവേലി രാജിക്കത്തില്‍ പറഞ്ഞു. 16 അംഗ അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫ് -ആറ്, യു.ഡി.എഫ് -ആറ്, ബി.ജെ.പി -നാല് എന്നിങ്ങനെയാണ് കക്ഷി നില. മൂന്നു മുന്നണികളും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി സുരേഷ് കുഴിവേലിയുടെ രാജി ഉണ്ടായത്. തോമസ് തമ്പിയെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇപ്പോള്‍ സി.പി.എമ്മില്‍നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. യു.ഡി.എഫില്‍നിന്ന് ടി.ടി. തോമസ് കുട്ടിയും ബി.ജെ.പിയില്‍നിന്ന് കെ.കെ. ഗോപിനാഥന്‍നായരും മത്സരിക്കുന്നു. കഴിഞ്ഞ ദിവസം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് നല്‍കിയ വിപ്പ് സുരേഷ് കുഴിവേലി സ്വീകരിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ 11ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് അപ്രതീക്ഷിതമായ നീക്കങ്ങള്‍ ഉണ്ടായേക്കാം. മൂന്നു മുന്നണിയും ഇതിനുള്ള തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.