തിരുവല്ല: നഗരസഭ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കെ.വി. വര്‍ഗീസ് അധ്യക്ഷന്‍

തിരുവല്ല: അവസാന നിമിഷം നടന്ന അട്ടിമറിയിലൂടെ കെ.വി. വര്‍ഗീസ് തിരുവല്ല നഗരസഭയുടെ അധ്യക്ഷനായി. 22 അംഗങ്ങളുടെ പിന്‍തുണയിലാണ് യു.ഡി.എഫിലെ കെ.വി. വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍ ആര്‍. ജയകുമാറിനെ ചെയര്‍മാനാക്കാനായിരുന്നു തീരുമാനം. എന്നാല്‍, കോണ്‍ഗ്രസിലെ രണ്ട്് മുന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ കുതിരക്കച്ചവടത്തില്‍ ജയകുമാറിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകുകയായിരുന്നു. ഓര്‍ത്തഡോക്സ് സമുദായംഗമായ കെ.വി. വര്‍ഗീസിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്കുള്ളിലെ പ്രബലര്‍ ശ്രമം നടത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ ഡി.സി.സി നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടു. പരിഹാരം സാധ്യമാകാതെ വന്നതോടെ അന്തിമ തീരുമാനം കെ.പി.സി.സിക്ക്് വിടുകയായിരുന്നു. തുടര്‍ന്ന് കെ.പി.സി.സി നേതൃത്വവും മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍, രമേശ് ചെന്നത്തല എന്നിവരും ചേര്‍ന്ന്് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍. ജയകുമാറിന് തന്നെ ചെയര്‍മാനം സ്ഥാനം നല്‍കണമെന്ന തീരുമാനം ചൊവ്വാഴ്ച രാത്രി സ്വീകരിക്കുകയായിരുന്നു. എന്നാല്‍, നേതൃത്വത്തിന്‍െറ തീരുമാനത്തെ ചോദ്യം ചെയ്ത് കെ.വി. വര്‍ഗീസിനെ പിന്തുണക്കുന്ന കൗണ്‍സിലര്‍മാരും ചരടവുലികള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ കൗണ്‍സിലര്‍മാരും ബുധനാഴ്ച രാവിലെ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. കൗണ്‍സിലര്‍മാരുടെ ഭീഷണിയില്‍ ഭയന്ന കെ.പി.സി.സി നേതൃത്വം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഡി.സി.സിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന്് കെ.വി. വര്‍ഗീസിനെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ആക്കിക്കൊണ്ടുള്ള വിപ്പ് നല്‍കുകയായിരുന്നു. വര്‍ഗീസിന്‍െറ ചെയര്‍മാന്‍ സ്ഥാനം ഉറപ്പിക്കുന്നതിനുപിന്നില്‍ വന്‍ കുതിരക്കച്ചവടം നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വന്‍തുക വാങ്ങിയാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച കെ.വി. വര്‍ഗീസിനെ കെ.പി.സി.സിയുടെ മാനദണ്ഡങ്ങള്‍ മറികടന്നാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. ഇടതുമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എം.പി. ഗോപാലകൃഷ്ണന് ഒമ്പത് വോട്ടും ബി.ജെ.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി രാധാകൃഷ്ണന്‍ വേണാടിന് നാല് വോട്ടും ലഭിച്ചു. എസ്.ഡി.പി.ഐയുടെയും മൂന്ന് സ്വതന്ത്രന്മാരുടെയും വോട്ട് അസാധുവായി. രാവിലെ 11 മണിയോടെ മുഖ്യവരണാധികാരി ആര്‍.ഡി.ഒ ഗോപകുമാറിന്‍െറ അധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളിലാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഉച്ചക്കുശേഷം നടന്ന നഗരസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഏലിയാമ്മ തോമസ് ഇടതുമുന്നണിയിലെ നാന്‍സിയെ 13 വോട്ടിന് പരാജയപ്പെടുത്തി. കേരള കോണ്‍ഗ്രസി എമ്മിലെ ധാരണ അനുസരിച്ച് ആദ്യ ഒന്നേകാല്‍ വര്‍ഷമാണ് എലിയാമ്മ തോമസിന് അവസരം ലഭിക്കുക. ബാക്കി ഒന്നേകാല്‍ വാര്‍ഷം മുന്‍ ചെയര്‍പേഴ്സണ്‍ ഷീലാ വര്‍ഗീസിനാണ് മുന്‍തൂക്കം. മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഡല്‍സി സാമിനെ പരാജയപ്പെടുത്തിയ റീന മാത്യു ചാലക്കുടിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.