കോന്നി: കോന്നി തൂക്കുപാലം അധികൃതരുടെ അനാസ്ഥകാരണം അപകടാവസ്ഥയിലായി. കോന്നി-അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നേപ്പാള്‍ മാതൃകയില്‍ നിര്‍മിച്ച തൂക്കുപാലമാണ് നടപ്പാതയും കൈവരികളും തുരുമ്പെടുത്ത് അപകടാവസ്ഥയിലായിരിക്കുന്നത്. 2011 ഫെബ്രുവരിയിലാണ് കോന്നി തൂക്കുപാലം സഞ്ചാരത്തിനായി തുറന്നുകൊടുത്തത്. എന്നാല്‍, ഓരോ വര്‍ഷം കഴിയുന്തോറും തൂക്കുപാലത്തിന്‍െറ അറ്റകുറ്റപ്പണി ബന്ധപ്പെട്ടവര്‍ നടത്തണമെന്നാണ് നിബന്ധന. വര്‍ഷം നാലു പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതുമൂലം ഇരുമ്പുപട്ടുകൊണ്ട് നിര്‍മിച്ച നടപ്പാത തുരുമ്പെടുക്കുകയും ബന്ധിപ്പിക്കുന്ന നട്ടും ബോള്‍ട്ടും ഇളകി മാറുകയും ചെയ്തു. കൂടാതെ കൈവരികളും നെറ്റും പൂര്‍ണമായി ഇളകി മാറി. ഇതുമൂലം ഏതുസമയവും ദുരന്തമുണ്ടാകാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ജില്ലയില്‍ കടത്തുവള്ളം മുങ്ങി സ്കൂള്‍ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ കടത്തുവള്ളത്തെ ആശ്രയിക്കുന്ന മേഖലകളില്‍ പാലങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് 47,72,182 രൂപ ചെലവഴിച്ച് റവന്യൂ വകുപ്പ് തൂക്കുപാലം നിര്‍മിച്ചത്. കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് 65 മീറ്റര്‍ നീളത്തിലും 1.2 മീറ്റര്‍ വീതിയിലുമാണ് തൂക്കുപാലം നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയത്.അന്നു മുതല്‍ തൂക്കുപാലത്തിന്‍െറ കൈവശാധികാരം കലക്ടര്‍ക്കാണ്. തൂക്കുപാലത്തിന്‍െറ അധികാരം ഏറ്റെടുക്കാന്‍ കോന്നി-അരുവാപ്പുലം ഗ്രാമപഞ്ചായത്തുകള്‍ തയാറാകുന്നില്ല. ഏറ്റെടുത്തു കഴിഞ്ഞാല്‍ ആര് അറ്റകുറ്റപ്പണി നടത്തുമെന്ന തര്‍ക്കമാണ് ഇതിന് പ്രധാന കാരണം. പഞ്ചായത്തുകള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് അറ്റകുറ്റപ്പണി നാലു വര്‍ഷമായി നടക്കാതിരുന്നത്. അരുവാപ്പുലം പഞ്ചായത്ത് ഐരവണ്‍ മേഖലയിലെ കാല്‍നടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസമാണ് തൂക്കുപാലം. അപകടാവസ്ഥയിലായതോടെ ഇതുവഴി പേടിയോടെയാണ് യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.