ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന നടുക്കത്തില്‍ കൈപ്പട്ടൂര്‍ ഗ്രാമം

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ രണ്ട് തീര്‍ഥാടകര്‍ മുങ്ങി മരിച്ചതിന് തൊട്ടടുത്ത ദിവസം മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയാകേണ്ടിവന്ന നടുക്കത്തിലാണ് കൈപ്പട്ടൂര്‍ ഗ്രാമവാസികള്‍. തിങ്കളാഴ്ചയാണ് അച്ചന്‍കോവിലാറ്റിലെ ഉഴുവത്ത് ക്ഷേത്രകടവിന് സമീപം കൊല്ലം സ്വദേശികളായ രണ്ട് തീര്‍ഥാടകര്‍ മുങ്ങിമരിച്ചത്. ഈ നടുക്കം വിട്ടുമാറുംമുമ്പേയാണ് അടുത്തദിവസം രണ്ടാമത്തെ സംഭവം തൊട്ടടുത്തുള്ള മറ്റൊരു കടവില്‍ നടന്നത്. പ്ളസ് ടു വിദ്യാര്‍ഥികളായ രണ്ട് കുട്ടികളാണ് കൈപ്പട്ടൂര്‍ പാലത്തിന് സമീപത്തായുള്ള കുരുമ്പോലി കടവില്‍ ചൊവ്വാഴ്ച മുങ്ങിമരിച്ചത്. കൂട്ടുകാരില്‍ മൂന്നുപേര്‍ രക്ഷപ്പെടുകയും ചെയ്തു. കൊല്ലത്തുനിന്ന് ശബരിമലയിലേക്ക് നടന്നുപോകുന്ന 26 അംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു കൊല്ലം സ്വദേശികളായ സുരേഷ്ബാബുവും ശാന്താറാമും. ഇവര്‍ കുളിക്കുന്നതിനായിരുന്നു അച്ചന്‍കോവിലാറ്റിലെ കടവില്‍ ഇറങ്ങിയത്. പാറക്കെട്ടിലിരുന്ന സുരേഷ്ബാബു കാല്‍തെറ്റി കയത്തിലേക്ക് വീഴുന്നത് കണ്ട് രക്ഷിക്കാനായുള്ള ശ്രമത്തിനിടെയാണ് ശാന്താറാമും അപകടകയത്തില്‍പ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ദൂരെമാറി ഇരിക്കുകയായിരുന്നതിനാല്‍ അപകടവിവരം ആദ്യം ശ്രദ്ധയില്‍പ്പെട്ടതും ഇല്ല. കുളിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ നിലവിളിച്ചാണ് ആളെ കൂട്ടിയത്. ഫയര്‍ഫോഴ്സ് എത്തി മുങ്ങിയാണ് മൃതദേഹങ്ങള്‍ എടുത്തത്. അനധികൃത മണല്‍ വാരലിനെ തുടര്‍ന്ന് വലിയ കയങ്ങളാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. പരിചയമില്ലാത്തവര്‍ ആറ്റില്‍ ഇറങ്ങിയാല്‍ ഈ അപകട കയങ്ങളില്‍ അകപ്പെടും. ഈ ഭാഗത്തൊന്നും അപകട മുന്നിറിയിപ്പുകളൊന്നും സ്ഥാപിച്ചിട്ടില്ല. ഇത്തരത്തില്‍ അച്ചന്‍കോവിലാറ്റില്‍ നിരവധി ദുരന്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ചന്‍കോവിലാറിന്‍െറ അപകടാവസ്ഥ നന്നായി അറിയാവുന്ന സ്ഥലവാസികള്‍ ആരും ഇപ്പോള്‍ നദിയിലേക്ക് ഇറങ്ങാറില്ല. ദൂരെ സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ അപകടം അറിയാതെ കുളിക്കാനായി ഇറങ്ങുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.