അധികൃതരുടെ സമ്മതത്തോടെ വന്‍തോതില്‍ വയല്‍നികത്തല്‍

പത്തനംതിട്ട: റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളെന്ന് ആരോപണമുള്ള ഡെപ്യൂട്ടി തഹിസല്‍ദാറുടെ സമ്മതത്തോടെ വന്‍തോതില്‍ വയല്‍നികത്തല്‍. ഓമല്ലൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നഗരസഭാ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വയലാണ് മണ്ണിട്ടുനികത്തിക്കൊണ്ടിരിക്കുന്നത്. 2005ല്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതായി തെറ്റിദ്ധരിപ്പിച്ച്, കാലഹരണപ്പെട്ട ഉത്തരവിന്‍െറ മറിവിലാണ് നികത്തല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടിപ്പര്‍ ലോറികളില്‍ രാപകല്‍ ഭേദമന്യേ മണ്ണുകൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പത്തനംതിട്ട-താഴൂര്‍ക്കടവ് റോഡിന്‍െറ വശത്തെ ഏക്കറുകളോളംവരുന്ന പരിസ്ഥിതി പ്രാധാന്യമുള്ള വയലാണിത്. ഇവിടം പൂര്‍ണമായി നികത്തുന്നതോടെ പ്രദേശത്ത് വലിയ വെള്ളക്കെട്ടുണ്ടാകും. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ മുങ്ങുന്ന ഭാഗമാണ് പത്തനംതിട്ട-താഴൂര്‍കടവ് റോഡിലെ കൊടുന്തറ ഭാഗം. ഇപ്പോള്‍ നികത്തുന്നതിന്‍െറ എതിര്‍ഭാഗത്തായി വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണിട്ടുനികത്താനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍, സി.പി.എം ഇടപെട്ട് കൊടികുത്തിയതോടെ നിലംനികത്താനായില്ല. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന വ്യാപകനിലംനികത്തലിന് സി.പി.എം ഒത്താശചെയ്യുന്നതായി ആരോപണമുണ്ട്. സി.പി.എമ്മിന്‍െറ വാര്‍ഡാണിത്. ഈ വയല്‍ നികത്തുന്നതോടെ സ്വാഭാവികമായി വെള്ളമൊഴുക്ക് തടസ്സപ്പെടുകയും പ്രദേശത്ത് വന്‍തോതില്‍ വെള്ളക്കെട്ട് രൂപപ്പെടാനിടയാകുകയും ചെയ്യും. മണ്ണെടുക്കാനോ നീക്കംചെയ്യാനോ ഉള്ള ഉത്തരവുകളൊന്നുമില്ലാതിരിക്കെയാണ് ഇവിടെ തകൃതിയായി നിലംനികത്തല്‍ നടത്തുന്നത്. പുതിയതായി ഭരണമേറ്റ പഞ്ചായത്ത് അംഗങ്ങള്‍ക്കോ ഭരണസമിതിക്കോ ഈ അനധികൃത നിലംനികത്തിലിനെപ്പറ്റി ഒന്നുമറിയില്ല. പഴയ ഉത്തരവുണ്ടെന്നും സ്പെഷല്‍ ഓര്‍ഡറുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതോടെ അവരും മൗനാനുവാദം നല്‍കും. ഇത്രയുംദിവസം ഇവിടെ നികത്തല്‍ തുടര്‍ന്നിട്ടും റവന്യൂവകുപ്പ് അധികൃതരോ വില്ളേജ് ഓഫിസില്‍നിന്നുള്ള ഉദ്യോഗസ്ഥരോ സ്ഥലം പരിശോധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസും ഡെപ്യൂട്ടി തഹസില്‍ദാറുടെ ഉദ്യോഗവും ഒരുമിച്ചുകൊണ്ടുനടക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. അനധികൃത നിലംനികത്തലിന് ഒത്താശ ചെയ്തതിന്‍െറ പേരില്‍ മുമ്പും ഈ ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.