പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ കൈയേറ്റ ഭൂമി തിരിച്ചെടുക്കാന്‍ നടപടിയായി

പന്തളം: പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ കൈയേറ്റഭൂമി തിരിച്ചെടുക്കാന്‍ നടപടിക്ക് തുടക്കമായി. പ്രഥമ നഗരസഭാ കൗണ്‍സില്‍ തീരുമാനപ്രകാരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ സ്ഥലത്ത് കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി നഗരസഭാ താലൂക്ക് സര്‍വേയില്‍ അപേക്ഷ നല്‍കിയതനുസരിച്ച് സര്‍വേയര്‍ കാലാവതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഭൂമി അളക്കാന്‍ ആരംഭിച്ചു. 1990 മാര്‍ച്ചിലാണ് പന്തളത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിനായി പഞ്ചായത്ത് ഭൂമി വാങ്ങാന്‍ തീരുമാനിച്ചത്. ഒരേക്കര്‍ ഭൂമിയുണ്ടെങ്കില്‍ മാത്രമേ പി.എച്ച്.സി അനുവദിക്കൂ എന്ന നിബന്ധന ഉള്ളതിനാല്‍ അന്ന് മൂന്നു സ്വകാര്യ വ്യക്തികളില്‍നിന്നാണ് ഒരേക്കര്‍ ഭൂമി പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയത്. പന്തളം ചാരുംപാട്ട് ജമീലബീവിയുടെ 45 സെന്‍റ്, ചാരുംപാട്ട് കിഴക്കേതില്‍ ഹുസൈന്‍ റാവുത്തറുടെ 30 സെന്‍റ്, പ്ളാന്തോട്ടത്തില്‍ ഫാത്തിമാബീവിയുടെ 25 സെന്‍റ് എന്ന ക്രമത്തില്‍ ഒരേക്കര്‍ സ്ഥമാണ് വാങ്ങിയത്. ഭൂമിയിലേക്ക് വഴിക്കായി ജമീലബീവി 12 സെന്‍റ് സ്ഥലം സൗജന്യമായും പഞ്ചായത്തിന് നല്‍കി. ഒരേക്കര്‍ പന്ത്രണ്ട് സെന്‍റ് ഭൂമിയുണ്ടായിരുന്ന പി.എച്ച്.സിക്ക് പഞ്ചായത്തുരേഖകളില്‍ 50 സെന്‍റ് മാത്രമാണുള്ളതെന്ന് വിവരാവകാശ രേഖപ്രകാരം മുന്‍ പഞ്ചായത്ത് അംഗം സൈനുദ്ദീന് അധികൃതര്‍ മറുപടി നല്‍കിയിരുന്നു. പി.എച്ച്.സി സ്ഥലം കൈയേറി അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഈ സ്ഥലത്ത് നടത്തിയ കൈയേറ്റം ഡി.വൈ.എഫ്.ഐ നേത്യത്വത്തില്‍ മുമ്പ് പൊളിച്ചു നീക്കിയിരുന്നു. മുന്‍ഭരണ സമിതികള്‍ അനധികൃത കൈയേറ്റം ഒഴുപ്പിക്കോനോ പി.എച്ച്.സിവക സ്ഥലം സംരക്ഷിക്കാനോ നടപടിയെടുക്കുന്നില്ളെന്ന ആക്ഷേപം ശക്തമായിരുന്നു. ഇടതു മുന്നണി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പി.എച്ച്.സിയിലെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതാണ് പ്രഥമ കൗണ്‍സിലില്‍ തന്നെ പി.എച്ച്.സി സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ നഗരസഭാ നടപടി സ്വീകരിക്കാന്‍ കാരണമായതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. സതി പറഞ്ഞു. കൗണ്‍സില്‍ അംഗങ്ങളും ഭൂമി അളക്കുന്നത് പരിശോധിക്കാന്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.