ജില്ലയുടെ ആകര്‍ഷക മുഖമായി ഡി.ടി.പി.സി വെബ്സൈറ്റ്

പത്തനംതിട്ട: ജില്ലയുടെ സമാനതകളില്ലാത്ത വിനോദസഞ്ചാര, സാംസ്കാരിക, പൈതൃക മേഖലകളിലെ ആകര്‍ഷണീയതകള്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ വെബ്സൈറ്റ് www.pathanamthittatourism.com ശ്രദ്ധേയമാകുന്നു. ഇക്കോടൂറിസം, ലെഷര്‍ ടൂറിസം, പില്‍ഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം എന്നീ മേഖലകളായി തിരിച്ച് ജില്ലയുടെ വിനോദസഞ്ചാര സാധ്യതകള്‍ മനോഹരമായ ചിത്രങ്ങള്‍ സഹിതം വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിനോദസഞ്ചാര മേഖലയെ ശ്രദ്ധേയമാക്കി മാറ്റിയ കോന്നി ഗജവിജ്ഞാനോത്സവം, കോന്നി ജീപ്പ് സഫാരി, അടവി ഫെസ്റ്റ്, കലക്ടറേറ്റിലെ ചുവര്‍ചിത്രങ്ങള്‍, പടയണി കളരി, മൗണ്ടന്‍ സൈക്ളിങ് ചാമ്പ്യന്‍ഷിപ്, എന്‍െറ നാട് സുന്ദരനാട് ഫോട്ടോഗ്രഫി മത്സരം, ശിശിരം ഗവി ചിത്രരചനാ ക്യാമ്പ് എന്നിവ പ്രവര്‍ത്തന വിഭാഗത്തില്‍ ചിത്രവും കുറിപ്പും സഹിതം ഉള്‍പ്പെടുത്തിയിരിക്കുന്നു. ജില്ലയുടെ ടൂറിസം സാധ്യതകള്‍ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള വിഡിയോ ഹ്രസ്വചിത്രമാണ് വെബ്സൈറ്റിന്‍െറ ആദ്യ പേജിന്‍െറ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ജില്ലയിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗത്തില്‍ മുന്‍ എം.എല്‍.എ കെ.കെ. നായര്‍, ജസ്റ്റിസ് എം. ഫാത്തിമ ബീവി, അടൂര്‍ ഗോപാലകൃഷ്ണന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, കടമ്മനിട്ട വാസുദേവന്‍ പിള്ള, ബന്യാമിന്‍ എന്നിവരുടെ ചിത്രങ്ങളും കുറിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബെസ്റ്റ് ഓഫ് പത്തനംതിട്ട എന്ന വിഭാഗത്തില്‍ ആറന്മുളക്കണ്ണാടി, ആറന്മുള വള്ളസദ്യ, പടയണി, ആനന്ദപ്പള്ളി മരമടി എന്നിവയുടെ ചിത്രങ്ങളും വിവരണങ്ങളും നല്‍കിയിരിക്കുന്നു. ഫോട്ടോ ഗാലറിയില്‍ അടവി കുട്ടവഞ്ചി സവാരി, അടവി ബാംബൂ ഹട്സ്, ആറന്മുളക്കണ്ണാടി നിര്‍മാണം, ചുവര്‍ചിത്രരചന, ആറന്മുള വള്ളംകളി, ആറന്മുള വള്ളസദ്യ, കോന്നി ജീപ്പ് സഫാരി, കാട്ടാത്തിപ്പാറ ട്രക്കിങ്, കവിയൂര്‍ ഗുഹാക്ഷേത്രം, കോന്നി ആനക്കൂട്, കുറിച്ചി ക്ഷേത്രം, മണ്ണടി മ്യൂസിയം, പെരുന്തേനരുവി വെള്ളച്ചാട്ടം, പടയണി എന്നിവയുടെ മനോഹരമായ ചിത്രങ്ങള്‍ ആസ്വദിക്കാം. ഡി.ടി.പി.സിയുടെ വിവരം, ജില്ലയുടെ ചരിത്രം, കാണേണ്ട സ്ഥലങ്ങള്‍, വിഷ്വല്‍, ഡി.ടി.പി.സിയുമായി ഇ-മെയിലില്‍ ബന്ധപ്പെടുന്നതിനുള്ള ലിങ്ക് എന്നിവ ആദ്യപേജിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.