ചിറ്റൂർ: വർഗീയ ചേരിതിരിവുകളെ കലകൾ കൊണ്ട് ഇല്ലാതാക്കാനാവുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. പ്രശസ്ത പൊറാട്ട് നാടക കലാകാരൻ നല്ലേപ്പിള്ളി നാരായണൻ അനുസ്മരണവും ഡോക്യുമെൻററി പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴാളവർഗ ഉന്നമനത്തിനായി പൊറാട്ട് നാടകമെന്ന കലയിലൂടെ ചരിത്രപരമായ ദൗത്യമാണ് നാരായണൻ നിർവഹിച്ചത്. പുതിയ സാംസ്കാരിക സമ്പ്രദായം കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് 40 കോടി രൂപ ചെലവിൽ എല്ലാ ജില്ലകളിലും സാംസ്കാരിക നായകന്മാരുടെ പേരിൽ സാംസ്കാരിക കേന്ദങ്ങൾ ആരംഭിക്കുന്നത്. നല്ലേപ്പിള്ളി നാരായണനെപ്പോലുള്ള കലാകാരന്മാരുടെ സംഭാവനകൾ സമൂഹം എന്നും ഓർക്കണം. സ്ഥലം ലഭ്യമാണെങ്കിൽ നല്ലേപ്പിള്ളി നാരായണൻ, ചെമ്പകശ്ശേരി വിശ്വം എന്നിവരുടെ പേരിൽ സാംസ്കാരിക നിലയങ്ങൾ സ്ഥാപിക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നാലു കോടി രൂപ ചെലവിൽ ചിറ്റൂർ ചിത്രാഞ്ജലി തിയറ്റർ നവീകരിച്ച് സാധാരണ നിരക്കിൽ ജനങ്ങൾക്ക് തുറന്ന് നൽകും. ആയിരത്തോളം കലാകാരന്മാർക്ക് സർക്കാർ പുതുതായി പെൻഷൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശാരങ്ധരൻ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻകുട്ടി എം.എൽ.എ സ്മൃതിപത്ര സമർപ്പണം നടത്തി. കെ. ബാബു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരൻ ഷഡാനനൻ ആനിക്കത്ത്, കെ. പെരിയസ്വാമി, വി. ഹക്കീം, എൻ. ഷിബു, വി. ബിനു, സി. വിജയൻ എന്നിവർ സംസാരിച്ചു. നല്ലേപ്പിള്ളി നാരായണനെക്കുറിച്ച് വിനോദ് വിശ്വം സംവിധാനം ചെയ്ത ‘ചോദ്യക്കാരൻ’ ഡോക്യുമെൻററി പ്രദർശനവും കൊല്ലങ്കോട് കൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊറാട്ട് നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.