തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നത് തടയാന്‍ 21,300 യുവജന സമിതികള്‍

കോയമ്പത്തൂര്‍: മുന്‍ തെരഞ്ഞെടുപ്പുകളിലേതുപോലെ ഇത്തവണയും വോട്ടര്‍മാര്‍ക്ക് പണം നല്‍കാനുള്ള അണ്ണാ ഡി.എം.കെയുടെ നീക്കം പാളുന്നു. തെരഞ്ഞെടുപ്പ് കമീഷന് കീഴിലെ ഫ്ളയിങ് സ്ക്വാഡുകളും ആദായനികുതി വകുപ്പും ചേര്‍ന്ന് നടത്തുന്ന റെയ്ഡുകളില്‍ കോടികളുടെ കറന്‍സിയാണ് പിടികൂടിയത്. ഒരു നിയോജക മണ്ഡലത്തില്‍ 20 കോടി രൂപ വിതരണം ചെയ്യാനാണ് അണ്ണാ ഡി.എം.കെ പദ്ധതിയിട്ടിരുന്നതെന്നും ഇതിനകം ഓരോ മണ്ഡലത്തിലും പത്തു കോടി രൂപ എത്തിച്ചു കഴിഞ്ഞതായുമാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. പ്രധാനമായും ആംബുലന്‍സുകളിലാണ് പണം കൊണ്ടുപോകുന്നത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവ് ഗുലാംനബി ആസാദ്, ഡി.എം.കെയുടെ ടി.ആര്‍. ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ കേന്ദ്ര ഇലക്ഷന്‍ കമീഷണറെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും തമിഴ്നാട്ടിലെ പുതിയ സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തു. അനധികൃത പണമിടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റോ നല്‍കുന്നത് സംബന്ധിച്ച് www.elections.tn.gov.in വെബ്സൈറ്റിലോ 1950 ഫോണ്‍ നമ്പറിലോ 9444123456 വാട്ട്സ്ആപ് നമ്പറിലോ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും പരാതി അറിയിക്കാം. 18004256660 ടോള്‍ഫ്രീ നമ്പറിലും വിളിക്കാം. തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡുകള്‍ക്ക് വാഹനങ്ങളില്‍ പരിശോധന നടത്താന്‍ മാത്രമാണ് അധികാരമുള്ളത്. വീടുകള്‍ ഉള്‍പ്പെടെയുള്ള രഹസ്യ കേന്ദ്രങ്ങളില്‍ അനധികൃതമായി പണം സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചാല്‍ ഫ്ളയിങ് സ്ക്വാഡ് അധികൃതര്‍ പ്രസ്തുത സ്ഥലത്ത് എത്തി കാവല്‍ നടപടി സ്വീകരിക്കുകയും ആദായ നികുതി ഉദ്യോഗസ്ഥരത്തെി റെയ്ഡ് നടത്തുകയും ചെയ്യും. ആദായ നികുതി അധികൃതര്‍ വരുന്നതിന് മുമ്പ് പണവും മറ്റും പുറത്തേക്ക് കടത്താന്‍ ശ്രമിച്ചാല്‍ ഫ്ളയിങ് സ്ക്വാഡ് അധികൃതര്‍ക്ക് നടപടിയെടുക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വാഹന പരിശോധനയും മറ്റും നടന്നിരുന്നെങ്കിലും ഇത്തവണ ആദായനികുതി വകുപ്പിനെ കൂടി ഉള്‍പ്പെടുത്തി റെയ്ഡുകള്‍ ഊര്‍ജിതപ്പെടുത്തിയത് ഫലം കണ്ടതായാണ് ഇവരുടെ വിലയിരുത്തല്‍. അണ്ണാ ഡി.എം.കെ മന്ത്രിമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ കോടികള്‍ കണ്ടത്തെിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി കര്‍ക്കശമാക്കി. ഇതിന്‍െറ ഭാഗമായി സംസ്ഥാനത്ത് 21,300 യുവജന സമിതികള്‍ രൂപവത്കരിച്ചു. 30 വയസ്സിന് താഴെയുള്ള രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരല്ലാത്ത പത്ത് മുതല്‍ 15 പേരുള്‍പ്പെട്ട യുവതീ യുവാക്കളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലാ റിട്ടേണിങ് ഓഫിസറുടെ നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഏതെങ്കിലും പ്രദേശത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയാല്‍ ഉടന്‍ ഇവര്‍ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിക്കും. വോട്ടര്‍മാര്‍ക്ക് പണം നല്‍കാനുള്ള അണ്ണാ ഡി.എം.കെയുടെ നീക്കത്തിന് തടയിടാന്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി പ്രവര്‍ത്തകരും ജാഗരൂകരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.