ജലക്ഷാമം രൂക്ഷം : കിഴക്കന്‍ മേഖലയിലെ നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍

പാലക്കാട്: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമായതോടെ കര്‍ഷകര്‍ ദുരിതത്തിലായി.18,000 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി ഉണക്ക് ഭീഷണിയിലാണ്. ചിറ്റൂര്‍ പുഴ ആയക്കെട്ടിലെ വണ്ടിത്താവളം, പട്ടഞ്ചേരി, പെരുവെമ്പ്, ഓലശ്ശേരി, പൊല്‍പ്പുള്ളി, കൊടുവായൂര്‍, പല്ലശ്ശന തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായത്. തുലാവര്‍ഷം പിന്‍വാങ്ങിയതോടെ ജലക്ഷാമത്തിന് ആക്കംകൂടി. പറമ്പിക്കുളം-ആളിയാര്‍ മേഖലയില്‍ സാമാന്യം നല്ല മഴ ലഭിച്ചെങ്കിലും ചിറ്റൂര്‍ മേഖലയിലേക്ക് ആവശ്യമായ ജലമത്തെിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ചിറ്റൂര്‍ പുഴയില്‍ കൂടി ഒഴുകിപ്പോയ അധികജലം പോലും മൂലത്തറക്ക് താഴെയുള്ള ഡാമുകളില്‍ നിറക്കാനും കഴിഞ്ഞില്ല. ചില പ്രദേശങ്ങളിലാണെങ്കില്‍ ജലം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാംവിള ഇറക്കാനും സാധിച്ചിട്ടില്ല. പറമ്പിക്കുളം-ആളിയാര്‍ നദീജല കരാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ ഇനിയും 4.750 ഘന അടി ജലം ലഭിക്കാനുണ്ട്. ജലം ലഭിക്കാന്‍ ഇനിയും കാലതാമസം നേരിട്ടാല്‍ ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശത്തെ ഏകദേശം 18,000 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി പൂര്‍ണമായും ഉണങ്ങി നശിക്കും. കൂടുതല്‍ ജലം ലഭ്യമാക്കി കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ കര്‍ഷക സമാജം യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, സി.എസ്. ഭഗവല്‍ദാസ്, മാവുക്കാട് പഴണന്‍, എസ്. ഭരതരാജന്‍, എ. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.