നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; മൂന്ന് ലക്ഷം തൊഴിലാളികള്‍ പട്ടിണിയില്‍

പാലക്കാട്: നിര്‍മാണ മേഖലയിലെ പ്രതിസന്ധി മൂലം ജില്ലയിലെ മൂന്ന് ലക്ഷം തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടതായി സംയുക്ത നിര്‍മാണ തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡ് വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ളെന്ന് യൂനിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുമ്പിലെ രാപ്പകല്‍ സമരത്തെ തുടര്‍ന്ന് നിര്‍മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരിഹാര നിര്‍ദേശങ്ങള്‍ വ്യവസ്ഥകളായി അംഗീകരിച്ച് മുഖ്യമന്ത്രി സംയുക്ത തൊഴിലാളി യൂനിയന്‍ ഭാരവാഹികളും കരാറില്‍ ഒപ്പ് വെച്ചിരുന്നു. ഈ എഗ്രിമെന്‍റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത യൂനിയന്‍ ഡിസംബര്‍ പത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും. ജില്ലയില്‍നിന്ന് രണ്ടായിരം പേര്‍ പങ്കെടുക്കും. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിര്‍ണയത്തിന് മോണിറ്ററിങ് സമിതി രൂപവത്കരിക്കുക, സിമന്‍റ് സബ് സിഡിയില്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും യൂനിയന്‍ ഭാരവാഹികള്‍ ഉന്നയിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ ടി.കെ. അച്യുതന്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി എം.എ. മുസ്തഫ, കോണ്‍ക്രീറ്റ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി എം. ഹരിദാസ്, കോണ്‍ക്രീറ്റ് വര്‍ക്കേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോ. സെക്രട്ടറി കെ. മുഹമ്മദ് ഹനീഫ, കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് എ. അയ്യപ്പന്‍ മാസ്റ്റര്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.സി. ജയപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.