രാഷ്​ട്രീയം നോക്കിയല്ല പ്രവര്‍ത്തനം -അഭിജിത് ബാനര്‍ജി

ന്യൂഡൽഹി: രാഷ്ട്രീയം നോക്കിയല്ല ത‍ൻെറ പ്രവര്‍ത്തനമെന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭി ജിത് ബാനര്‍ജി. ബി.ജെ.പി ചോദിച്ചാലും, ആഗോള അടിസ്ഥാന വരുമാനം സംബന്ധിച്ച ഉപദേശം നല്‍കുമായിരുന്നു. രാഷ്ട്രീയമല്ല ത‍ൻെറ ജോലിയെന്ന് കോണ്‍ഗ്രസി‍ൻെറ പ്രകടന പത്രികയിലെ ന്യായ് പദ്ധതി ഉപദേശകനായിരുന്ന അഭിജിത് ബാനര്‍ജി വ്യക്തമാക്കി. അഭിജിത്തിൻെറ ഇടതുചായ്‍വുള്ള ആശയങ്ങളും പദ്ധതികളും ഇന്ത്യന്‍ ജനത തള്ളിയതാണെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലി‍ൻെറ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ദേശീയമാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഒരു വ്യക്തിക്ക് ഒരുവര്‍ഷം ലഭിക്കേണ്ട മാന്യമായ വരുമാനം എത്രയാണെന്നായിരുന്നു കോണ്‍ഗ്രസ് ചോദ്യം. വെല്ലുവിളി നിറഞ്ഞ ചോദ്യത്തിന് ഏറെ പഠനങ്ങള്‍ക്ക് ശേഷമാണ് 72,000 രൂപ എന്ന ഉത്തരം നല്‍കിയത്. ഇതേ ചോദ്യം ബി.ജെ.പി ചോദിച്ചാല്‍ അവര്‍ക്കും ഇതേ ഉത്തരം നല്‍കിയേനെ. രാഷ്ട്രീയത്തി‍ൻെറ പേരില്‍, മികച്ച നയങ്ങള്‍ തടയുന്നതിനോട് യോജിപ്പില്ല. പാര്‍ട്ടി നോക്കിയല്ല പ്രവര്‍ത്തനം. നിരവധി സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ മികച്ചതാണ്. ഒരുപാര്‍ട്ടിക്ക് മാത്രം ഉപദേശം എന്നത് ഞങ്ങളുടെ ശൈലിയല്ല. ഗുജറാത്ത്, ഹരിയാന, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി അഭിജിത്തിനൊപ്പം നൊബേല്‍ പങ്കിട്ട ഭാര്യ എസ്തേര്‍ ദഫ്ലോ പറഞ്ഞു. അതിനിടെ, ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തെത്തി. വിദേശിയായ രണ്ടാം ഭാര്യയുള്ളവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിക്കാന്‍ സാധ്യത കൂടുതല്‍. ഇന്ത്യന്‍ ജനത കൈയൊഴിഞ്ഞ ഇടതുപാതയിലൂടെ സാമ്പത്തിക ശാസ്ത്രം കൊണ്ടുപോകാനാണ് അഭിജിത് ബാനര്‍ജിയെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്ന് സിന്‍ഹ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.