സമ്പൂർണ പാർപ്പിട പദ്ധതി: വീട് കൈമാറുന്നത് തടയാൻ ഭൂരേഖ പണയത്തിലുള്ളവർക്ക് ബദൽ മാർഗം

മഞ്ചേരി: സർക്കാർ ആവിഷ്കരിച്ച ഭവന പദ്ധതിയിൽ കരാർ വെക്കാൻ ഭൂമിയുടെ രേഖ ബാങ്ക് പണയത്തിലുള്ള കുടുംബങ്ങൾക്ക് സർക്കാർ ബദൽ മാർഗം നിദേശിച്ചു. ഇത്തരം കുടുംബങ്ങൾ അർഹത മാനദണ്ഡ പ്രകാരം ഗുണഭോക്തൃ പട്ടികയിൽ ഉള്ളവരാണെങ്കിൽ ഇവർക്കും കരാർ വെക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സൗകര്യം നൽകും. നിലവിൽ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ വീട് നൽകുന്നവർ 12 വർഷം അത് കൈമാറാനോ വിൽക്കാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഭൂമിയുടെ രേഖകൾ കൈവശമുള്ളവരുടെ കാര്യത്തിൽ കരാർ വെക്കുന്നതിന് പകരം ഗുണഭോക്താവി‍​െൻറ സമ്മതപത്രം വാങ്ങി ഭൂമി രജിസ്ട്രേഷനുള്ള സോഫ്റ്റ് വെയറിൽ പ്രസ്തുത ഭൂമിയുടെ കൈമാറ്റം ഒാൺലൈനിൽ രേഖാപരമായി തടഞ്ഞുവെക്കുകയാണ്. എന്നാൽ ഭൂമിയുടെ രേഖ പണയത്തിലുള്ളവരുടെ കാര്യത്തിൽ ഇതേ മാർഗം സ്വീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ വിശദീകരണം. ഇത്തരം കുടുംബങ്ങൾക്ക് അവരുടെ ഭൂമിയുടെ പ്രമാണം പണയത്തിലാണ് എന്ന് ഉറപ്പാക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് ഗുണഭോക്താവുമായി കരാറിൽ ഏർപ്പെടാൻ അനുമതി നൽകി. വായ്പ തിരിച്ചടക്കുന്ന മുറക്ക് പണയത്തിലുള്ള പ്രമാണം തദ്ദേശ സ്ഥാപനത്തിന് കൈമാറും എന്ന് വ്യവസ്ഥപ്പെടുത്തണം. ഗുണഭോക്താവും ബാങ്കും തദ്ദേശ സ്ഥാപനവുമായാണ് 200 രൂപയുടെ മുദ്രപത്രത്തിൽ കരാർ വെക്കേണ്ടത്. അതേസമയം പ്രമാണം കൈവശമിരിക്കുന്ന ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുകയാണെങ്കിൽ പ്രമാണം ബാങ്കിലുണ്ട് എന്ന് സ്ഥാപനത്തി‍​െൻറ കത്ത് ഹാജരാക്കി നടപടി പൂർത്തിയാക്കാം. ഭൂരേഖ കൈവശമില്ലാതെ ബാങ്കിൽ പണയത്തിലിരിക്കുന്ന കുടുംബങ്ങളുടെ കാര്യത്തിൽ പ്രായോഗിക നടപടി സ്വീകരിക്കണമെന്ന ലൈഫ് മിഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ഒാഫിസറുടെ റിപ്പോർട്ടിനെ തുടർന്നാണ് തദ്ദേശ വകുപ്പി​െൻറ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.