പ്രളയത്തിൽ ഉപയോഗശൂന്യമായ ധാന്യങ്ങളുടെ മറിച്ചുവിൽപന: ഒരാൾ അറസ്​റ്റിൽ

എടപ്പാള്‍: പ്രളയക്കെടുതിയില്‍ ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ നല്‍കിയ ധാന്യങ്ങള്‍ കാലിത്തീറ്റയാക്കി മറിച്ചുപയോഗിക്കുന്ന സ്ഥാപനത്തില്‍ അധികൃതരുടെ പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി ചമ്രവട്ടം സ്വദേശി അല്‍ഹൗസിനെ (25) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സപ്ലൈക്കോയുടെ ഗോഡൗണില്‍നിന്ന് കൊണ്ടുവന്ന ധാന്യങ്ങളാണ് കാലിത്തീറ്റയാക്കി തരം മാറ്റിയിരുന്നത്. തവനൂര്‍ സീഡ് ഫാമിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ധാന്യങ്ങള്‍ സൂക്ഷിച്ച മുറിയില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. പ്രളയത്തില്‍ നശിച്ച 34,602 കിലോ ധാന്യമാണ് കൂറ്റനാട് സപ്ലൈകോയുടെ ഗോഡൗണില്‍നിന്ന് സംസ്‌കരിക്കാന്‍ സ്വകാര്യ വ്യക്തിയെ ഏല്‍പ്പിച്ചത്. എന്നാല്‍, ഇത് സംസ്‌കരിക്കാതെ വൃത്തിയാക്കി കാലിത്തീറ്റയാക്കി ഉപയോഗിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യവകുപ്പും സിവില്‍ സപ്ലൈസ് അധികൃതരും സ്ഥലത്തെത്തി. കുറ്റിപ്പുറം പൊലീസ് 1143 ചാക്ക് അരി കസ്റ്റഡിയിലെടുത്തു. സംസ്‌കരിക്കാന്‍ കൊടുത്തയക്കുന്ന ധാന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിച്ച് ഉറപ്പുവരുത്താത്തതാണ് ഇത്തരത്തില്‍ അവ വീണ്ടും ഉപയോഗിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.