കൊല്ലം: തടവറയിലെ ജീവിതം നന്മയുടെ നിറവെളിച്ചത്തിലേക്കെത്തിച്ച സുകുമാരന് നാടിെൻറ സ്നേഹാദരം. ഇരുമ്പഴികൾക്കുള്ളിലെ ഒാരോ നിമിഷത്തിനും പ്രായശ്ചിത്തമെന്നോണം സ്വമനസ്സാലെ വൃക്ക ദാനം ചെയ്തപ്പോൾ നിർധനയുവതിക്ക് ലഭിച്ചത് പുതുജീവൻ. 2007ൽ പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നപ്പോഴാണ് പട്ടാമ്പി സ്വദേശി സുകുമാരൻ വൃക്കദാനത്തിന് സമ്മതം അറിയിച്ചത്. നല്ല നടപ്പിനെ തുടർന്ന് 2017ൽ ജയിൽമോചിതനായി. വടക്കേവിള ശ്രീനാരായണപുരം സ്വദേശി പ്രിൻസി തങ്കച്ചനാണ് (21) 47കാരനായ സുകുമാരൻ വൃക്ക നൽകിയത്. സുകുമാരനെ സാമൂഹികപ്രവർത്തക ഉമാ പ്രേമനാണ് പ്രിൻസിക്ക് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവെക്കൽ. ബിരുദപഠനകാലത്താണ് പ്രിൻസിക്ക് വൃക്കരോഗം തുടങ്ങിയത്. രോഗം കടുത്തപ്പോൾ വൃക്ക മാറ്റിവെക്കുകയല്ലാതെ മാർഗമില്ലാതായി. ആഴ്ചയിൽ നാലു ദിവസം ഡയാലിസിസ് നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയ പ്രിൻസിയെ സഹായിക്കാൻ നാടാകെയെത്തി. പ്രിൻസിയുടെ മാതാവ് 11 വർഷം മുമ്പ് വൃക്കരോഗം ബാധിച്ചാണ് മരിച്ചത്. വടക്കേവിള ഡിവിഷൻ കൗൺസിലർ പ്രേം ഉഷാറിെൻറ നേതൃത്തിൽ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു. വൃക്ക നൽകാൻ സന്നദ്ധനായ സുകുമാരനെ ഉമാ പ്രേമൻ വഴി കണ്ടെത്തിയതോടെ ശസ്ത്രക്രിയക്ക് വഴിയൊരുങ്ങി, 20 ലക്ഷം രൂപ സഹായ സമിതിയുടെ നേതൃത്വത്തിൽ കണ്ടെത്തി. സഹായ സമിതിയുടെ നേതൃത്വത്തിൽ പട്ടത്താനം ഗവ.യു.പി.എസിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ പ്രിൻസിയും സുകുമാരനും ഉമാ പ്രേമനുമെത്തി. ലോട്ടറി കച്ചവടം നടത്താൻ സഹായ സമിതി സമാഹരിച്ച 60,000 രൂപ എം. നൗഷാദ് എം.എൽ.എ സുകുമാരന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.