താലൂക്ക് വികസന സമിതി: റീസർവേ അപേക്ഷകളിന്മേൽ ഏഴുമാസത്തിനകം തീർപ്പ്

ഗോഡൗണുകളിലും റേഷൻ കടകളിലുമായി വെള്ളം കയറി നശിച്ചത് 6668 കിലോ ഗോതമ്പും ഒരു ടൺ അരിയും ഒറ്റപ്പാലം: സർവേയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്തപ്പെട്ട സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന റീസർവേ അപേക്ഷകളിന്മേൽ ഏഴുമാസത്തിനകം തീർപ്പുണ്ടാകുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പ്. നിലവിൽ 12 സർവേയർമാരും നാല് ഹെഡ് സർവേയർമാരും ഉണ്ടെന്നിരിക്കെയാണ് കെട്ടിക്കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കാനാകുമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ സർവേ വകുപ്പ് പ്രതിനിധിയുടെ വെളിപ്പെടുത്തൽ. 8400 അപേക്ഷകളാണ് ഇതുവരെയായി ലഭിച്ചത്. ഗോഡൗണുകളിലും റേഷൻ കടകളിലുമായി വെള്ളം കയറി 6668 കിലോ ഗോതമ്പും ഒരു ടൺ അരിയും നശിച്ചതായി സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. ശ്രീകൃഷ്ണപുരം ഗോഡൗണിൽ 131 ചാക്കുകളിലായി സൂക്ഷിച്ച 6668 കിലോ ഗോതമ്പാണ് വെള്ളം കയറി നശിച്ചത്. ഒറ്റപ്പാലം തെന്നടിബസാറിൽ 22 ചാക്കുകളിലായി സൂക്ഷിച്ച 1051 കിലോ അരിയും അഞ്ച് ചാക്ക് ഗോതമ്പും 75 കിലോ പഞ്ചസാരയും ഉപയോഗ ശൂന്യമായി. ഷൊർണ്ണൂർ റേഷൻ കടയിൽ 10 കിലോ പഞ്ചസാരയും നശിച്ചതായി അസി. സപ്ലൈ ഓഫിസർ ബഷീർ പറഞ്ഞു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ ഫയർസ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിനായി ഒരാഴ്ചക്കകം പി. ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിക്കും. ബജറ്റിൽ ഇതിനായി ഫണ്ട് വർഷങ്ങളായി വകയിരുത്തുന്നുണ്ടെങ്കിലും നഗരസഭക്ക് സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് കാലതാമസം സൃഷ്ടിക്കുന്നത്. ഒറ്റപ്പാലത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കാനായി എം.എൽ.എ പി. ഉണ്ണിയുടെ നേതൃത്വത്തിൽ ഫയർ ഡിവിഷൻ ഓഫിസറെയും ഉൾപ്പെടുത്തി ഒരാഴ്ചക്കകം യോഗം ചേരുമെന്നും സ്ഥലം കണ്ടെത്തുന്നതിൽ നടപടിയുണ്ടാകുമെന്നും തഹസിൽദാർ പറഞ്ഞു. താലൂക്കിലെ 12 വില്ലേജുകളെയാണ് പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചത്. ഒറ്റപ്പാലത്തെയും ഷൊർണൂരിലെയും തൃക്കടീരിയിലെയും രണ്ട് വില്ലേജുകൾ വീതവും കരിമ്പുഴ രണ്ട്, ചെർപ്പുളശ്ശേരി, അമ്പലപ്പാറ രണ്ട്, കടമ്പഴിപ്പുറം രണ്ട്, ശ്രീകൃഷ്ണപുരം ഒന്ന്, ചളവറ എന്നീ വില്ലേജുകളാണ് പ്രളയബാധിത വില്ലേജുകളായി ജില്ല കലക്ടർ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ സൗജന്യ റേഷൻ വിതരണം നടക്കും. അഞ്ച് കിലോ അരി വീതം സൗജന്യമായി നൽകുമെന്ന് ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എസ്. ബിജു, അഡീഷനൽ തഹസിൽദാർ പി.പി. ഷീല, ഡെപ്യൂട്ടി തഹസിൽദാർ സി.എം. അബ്ദുൽ മജീദ്, പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.