ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെള്ളമില്ല; പ്രതിപക്ഷം പ്രതിഷേധിച്ചു

ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. കഴിഞ്ഞ 15 ദിവസമായി ആശുപത്രിയിൽ ജലവിതരണം താളം തെറ്റിയിട്ടും നടപടിയെടുക്കാൻ തയാറാകാത്ത നഗരസഭയുടെയും ആശുപത്രി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തിയത്. 27ന് ചേർന്ന നഗരസഭ യോഗത്തിൽ കൗൺസിലർമാർ വിഷയം ഉന്നയിച്ചിട്ടിട്ടും നടപടി സ്വീകരിക്കാൻ തയാറായില്ലെന്നും വെള്ളമെത്തിക്കാൻ അടിയന്തരമായി നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് സ്ഥലത്തില്ലാത്തതിനാൽ ലേ സെക്രട്ടറി അരുൺ കുമാറുമായി ചർച്ച നടത്തി. ആശുപത്രിക്കകത്ത് മൂന്ന് കിണറുകൾ ഉണ്ടെങ്കിലും ഒരെണ്ണത്തിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കില്ല. മറ്റുള്ളവയിൽ വെള്ളം തീരെ കുറവാണെന്നും കുഴൽകിണർ കുഴിക്കാനുള്ള നടപടിയെടുക്കുമെന്നും ഇതിന് പത്തു ദിവസം സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന്, പ്രതിപക്ഷ നേതാവ് എ. കണ്ണൻകുട്ടി നഗരസഭ ചെയർമാനെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തരമായി ജല അതോറിറ്റിയിൽ നിന്നോ അഗ്നിശമന സേനയിൽ നിന്നോ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ചെയർമാൻ ഉറപ്പു നൽകിയില്ല. തുടർന്ന് തഹസിൽദാർ ഇടപെട്ട് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു. ആശുപത്രിയിലെ ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് എ. കണ്ണൻ കുട്ടി കൗൺസിലർമാരായ എം. സ്വാമിനാഥൻ, മണികണ്ഠൻ, മുകേഷ്, രാജ, കവിത, സി.പി.എം ചിറ്റൂർ ലോക്കൽ സെക്രട്ടറി എച്ച്. ജെയിൻ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.